2024 ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഒരു വർഷം പിന്നിട്ടിട്ടും നടപടികൾ പോലും ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്നും, വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ശമ്പളപരിഷ്കരണത്തിന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന വിമുഖത ജീവനക്കാരെ ഗുരുതരമായി ബാധിക്കുന്നതാണെന്നും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ മുഴുവനും തരുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും ശമ്പള പരിഷ്കരണ കമ്മീഷനെ പോലും സർക്കാർ ഇതുവരെ നിയമിച്ചിട്ടില്ല എന്നതും നടപടികൾ വൈകുന്നതും ജീവനക്കാരിൽ സൃഷ്ടിക്കുന്ന പ്രതിഷേധം സർക്കാർ തിരിച്ചറിയണമെന്നും ജോയിന്റ് കൗൺസിൽ വടകര മേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ അജിന അഭിപ്രായപ്പെട്ടു. വടകര പി ആർ ലൈസിയത്തിൽ പ്രസിഡന്റ് പി കെ രമയുടെ അധ്യക്ഷതയിൽ ചേർന്ന മേഖലാ കൺവൻഷനിൽ ജോയിന്റ് കൗൺസിൽ വടകര മേഖലാ സെക്രട്ടറി കെ അമൃതരാജ് സ്വാഗതം ആശംസിച്ചു.
ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എൽ വി ബാബു, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് മേഘന എം, ജില്ലാ കമ്മിറ്റി അംഗം പി പി പ്രമോദ് എന്നിവർ അഭിവാദ്യം ചെയ്തു. തുടർന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ സർവീസിൽ നിന്ന് വിരമിച്ച. കെ പി രമേശൻ, അജിത പി പി, അഷറഫ് കെ എന്നിവർക്ക് യാത്രയയപ്പ് നൽകി. യോഗത്തിൽ പ്രജിത്ത് നന്ദി രേഖപ്പെടുത്തി.

