Site iconSite icon Janayugom Online

‘സഹോദരിക്കും ഭാര്യയ്ക്കും അടക്കം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു’; ആര്യൻ ഖാന്റെ സീരിസിന് പിന്നാലെ ഭീഷണിയെന്ന് സമീർ വാങ്കഡെ

ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡ് സീരിസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന ആരോപണവുമായി മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ രംഗത്ത്. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണി സന്ദേശമെത്തിയെന്ന് സമീര്‍ വാങ്കഡെയുടെ ആരോപിച്ചു. യുഎഇയില്‍ നിന്നും ഭീഷണി സന്ദേശം വന്നു എന്ന സമീര്‍ വാങ്കഡെ ആരോപിച്ചു.

ജോലിയുമായി ബന്ധപ്പെട്ടല്ല ഭീഷണി സന്ദേശമെത്തിയത് എന്നാണ് മനസിലാക്കുന്നതെന്നും ആര്യന്‍ ഖാന്റെ സീരിസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. വ്യക്തിവിരോധമല്ല തന്റെ ജോലിയാണ് താന്‍ ചെയ്തത്. തന്നെ മാത്രമല്ല ബാഡ്‌സ് ഓഫ് ബോളിവുഡ് സീരിസ് ലക്ഷ്യംവെച്ചതെന്നും മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയെല്ലാം അപമാനിക്കുന്ന തരത്തിലാണ് സീരിസ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീരിസ് പുറത്തിറങ്ങിയതിന് പിന്നാലെ തുടരെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. തന്റെ സഹോദരിക്കും ഭാര്യയ്ക്കും അടക്കം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി ഗുരുതര ആരോപണമാണ് സമീര്‍ വാങ്കടെ ഉയര്‍ത്തുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും താന്‍ കാരണം ഭാര്യയോ സഹോദരിയോ ബുദ്ധിമുട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.

മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ച ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. സെപ്റ്റംബര്‍ 18നാണ് ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത് ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരീസ് നെറ്റ്ഫ്ലിക്സിലൂടെ സ്ടീമിങ് ആരംഭിച്ചത്. പിന്നാലെ സീരിനെതിരെ സമീര്‍ വാങ്കഡെ ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. വെബ് സീരിസിലൂടെ വ്യക്തിഹത്യ നടത്തിയെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു സമീര്‍ വാങ്കഡെയുടെ ആവശ്യം.

Exit mobile version