Site icon Janayugom Online

ജർമ്മനിയില്‍ മാന്ദ്യം; തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ സാമ്പത്തികച്ചുരുക്കം

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിയും മാന്ദ്യത്തിലേക്ക്. 2023 തുടക്കം മുതല്‍ വിലക്കയറ്റമുള്‍പ്പെടെയുള്ള അതിരൂക്ഷമായ സാഹചര്യമാണ് സമ്പദ്‍വ്യവസ്ഥ നേരിടുന്നത്. തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ സമ്പദ്ഘടനയില്‍ സങ്കോചം രേഖപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറിയിരിക്കുകയാണ്. രാജ്യത്തെ എല്ലാം മേഖലയിലും മാന്ദ്യം പിടിമുറുക്കിയിട്ടുണ്ട്. 

ജിഡിപിയില്‍ 0.3 ശതമാനത്തിന്റെ ഇടിവാണ് ആദ്യ പാദത്തിലുണ്ടായത്. പുതുക്കിയ കണക്കുകള്‍ പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 0.5 ശതമാനത്തിന്റെ ഇടിവും ജ‍ിഡിപി നേരിട്ടു. ജര്‍മ്മന്‍ ജിഡിപി നെഗറ്റീവ് പാതയിലാണെന്ന് ധനകാര്യ മന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നര്‍ പറയുന്നു. മറ്റ് ഉയര്‍ന്ന വികസനമുള്ള സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചയ്ക്കുള്ള സാഹചര്യം ജര്‍മന്‍ സമ്പദ്ഘടനയ്ക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. നേരത്തെ അന്താരാഷ്ട്ര നാണയനിധി ജര്‍മ്മനിയിലും ബ്രിട്ടനിലും സാമ്പത്തിക മാന്ദ്യം പ്രവചിച്ചിരുന്നു. 

വിലക്കയറ്റത്തിന്റെ തീവ്രത കാരണം സാധാരണ ജര്‍മ്മന്‍ ഉപഭോക്താവിന് നിത്യചെലവ് പോലും സാധ്യമാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. സര്‍ക്കാര്‍ തലത്തിലുള്ള ചെലവിടല്‍ 4.9 ശതമാനമായി കുറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ അനുകൂലമായതും, വ്യവസായ മേഖലയിലെ പുത്തനുണര്‍വും, വിതരണ ശൃംഖല കരുത്താര്‍ജിച്ചതുമെല്ലാം ജര്‍മ്മനിയെ മുന്നോട്ട് നയിക്കാന്‍ പര്യാപ്തമല്ലെന്ന് ഐഎന്‍ജിയുടെ ഗ്ലോബല്‍ ഹെഡ് കാര്‍സ്റ്റന്‍ ബര്‍സെസ്‌കി പറഞ്ഞു.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലായി നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 2022ലെ രണ്ടാം പാതി നിക്ഷേപത്തില്‍ ദുര്‍ബലമായിരുന്നു. മെഷിനറി മേഖലയില്‍ നിക്ഷേപ വളര്‍ച്ച രേഖപ്പെടുത്തി. നിര്‍മ്മാണ മേഖലയിലും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കയറ്റുമതി 0.4 ശതമാനം കൂടിയപ്പോള്‍, ഇറക്കുമതി 0.9 ശതമാനം കുറഞ്ഞു. ഇന്ധന വിലയിലെ കുതിച്ച് കയറ്റവും രാജ്യത്തെ ബാധിച്ചു. രണ്ടാം പാദത്തില്‍ ചെറിയ തോതില്‍ വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ജര്‍മ്മന്‍ ബുണ്ടസ് ബാങ്ക്. 

Eng­lish Summary;Recession in Germany

You may also like this video

Exit mobile version