Site icon Janayugom Online

അനധികൃത സ്വത്ത് സമ്പാദനം: കെ സുധാകരനെതിരേ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാർശ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിശദമായ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് സുധാകരനെതിരേ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി.

പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരേ നിർണായകമായ ചില തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ തെളിവുകൾ കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ നിലപാട്. സുധാകരനെതിരേ കേസെടുത്ത് അന്വേഷണം നടത്താനായി വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ജൂലായിലാണ് പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സുധാകരനെതിരേ വിജിലൻസ് ഡയറക്ടർ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്.കെ കരുണാകരൻ സ്മാരക ട്രസ്റ്റ് ചിറക്കൽ രാജാസ് ഹൈസ്ക്കൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച 34 കോടിയോളം രൂപ സുധാകരൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. 

കണ്ണൂർ എഡ്യൂ പാർക്കിന്റെ പേരിലും സുധാകരൻ കോടിക്കണക്കിന് രൂപ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരൻ നിർമിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സുധാകരനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ പറഞ്ഞു.

Eng­lish Sum­ma­ry : Recomen­da­tion for vig­i­lance enquiry against K Sudhakaran

You may also like this video :

Exit mobile version