Site iconSite icon Janayugom Online

റെക്കോഡ് തകർച്ച: രൂപ 91.99

ആഗോള വിപണിയിലെ തിരിച്ചടികളെത്തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 91.99 എന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. 2025ൽ നേരിട്ട അഞ്ച് ശതമാനം ഇടിവിന് പിന്നാലെ, 2026 ജനുവരിയിൽ മാത്രം രൂപയുടെ മൂല്യത്തിൽ രണ്ട് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 91.74 ആയിരുന്നു രൂപയുടെ മൂല്യം. എന്നാൽ ഇന്നലെ വ്യാപാരത്തിനിടെ 41 പൈസ കൂടി ഇടിഞ്ഞ് 91.99 എന്ന സർവകാല നിലവാരത്തിലേക്ക് താഴുകയായിരുന്നു. തുടക്കത്തിൽ 91.43 എന്ന നിലയിൽ കരുത്തോടെ തുടങ്ങിയെങ്കിലും, വിദേശ നിക്ഷേപകരും ഇറക്കുമതിക്കാരും വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയത് കടുത്ത സമ്മർദം ചെലുത്തി. 

വ്യാപാരത്തിനൊടുവിൽ ചെറിയ തോതിൽ തിരിച്ചുകയറി 91.58 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. വരും ദിവസങ്ങളിലും ഡോളർ കരുത്താർജിച്ചാൽ രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
രൂപയുടെ തകർച്ചയ്ക്ക് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വലിയ ഇടിവുണ്ടായി. സെൻസെക്സ് 797.94 പോയിന്റ് ഇടിഞ്ഞ് 81,509.43 ലും നിഫ്റ്റി 240.55 പോയിന്റ് നഷ്ടത്തിൽ 25,049.35 ലും വ്യാപാരം അവസാനിപ്പിച്ചു. ലോകത്തിലെ പ്രധാന ആറ് കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 98.38 എന്ന നിലവാരത്തിലേക്ക് ഉയർന്നു. കൂടാതെ, രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 64.76 ഡോളറായി വർധിച്ചതും ഇന്ത്യയെപ്പോലെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. 

Exit mobile version