Site icon Janayugom Online

ഗോതമ്പ് സംഭരണത്തില്‍ റെക്കോഡ് ഇടിവ്

രാജ്യത്ത് ഗോതമ്പ് സംഭരണം റെക്കോഡ് ഇടിവില്‍. തുടര്‍ച്ചയായ രണ്ട് വിളവെടുപ്പ്കാലത്തെ സംഭരണം കുറഞ്ഞതോടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറവ് ഗോതമ്പ് ശേഖരമാണ് കേന്ദ്രത്തിന്റെ കൈവശം അവശേഷിക്കുന്നത്. ഏകദേശം 97 ലക്ഷം ടണ്‍ മാത്രമാണ് ശേഖരം.

2023 മാര്‍ച്ച് ഒന്ന് വരെ 1.16 കോടി ടണ്ണാണ് കേന്ദ്രത്തിന്റെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നായതോടെ ഇത് 75 ലക്ഷം ടണ്ണിന് താഴെയായെന്നാണ് ബഫര്‍, സ്ട്രാറ്റജിക് റിസര്‍വ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 മാര്‍ച്ച് ഒന്നിനാണ് ഇതിനുമുമ്പ് ഗോതമ്പ് ശേഖരം നിലവിലുള്ളതിനെക്കാള്‍ താഴേക്ക് പോയത്. പിന്നീട് അത് 94 ലക്ഷം ടണ്‍ ആയി ഉയര്‍ന്നു.

വരുന്ന സീസണില്‍ 11.4 കോടി ടണ്‍ ഗോതമ്പ് ഉല്പാദിപ്പിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ സംഭരണവും വര്‍ധിക്കുമെന്നാണ് നിഗമനം. 2022–23ലെ റാബി സീസണില്‍ ഗോതമ്പ് സംഭരണം ഗണ്യമായി കുറ‍ഞ്ഞിരുന്നു. കുറഞ്ഞ താങ്ങുവിലയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള ഉയര്‍ന്ന വിപണിവില സര്‍ക്കാര്‍ ഏജന്‍സികളെക്കാള്‍ സ്വകാര്യ കച്ചവടക്കാരെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചു. ഇതുമൂലം ഗോതമ്പ് സംഭരണം 18.8 ദശലക്ഷം ടണ്‍ എന്ന റെക്കോഡ് നിലയിലേക്ക് എത്തി. 

2023 ജൂണിൽ ഗോതമ്പ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ തുടങ്ങി, മാസാവസാനത്തോടെ വില്പന ഒമ്പത് ദശലക്ഷം ടൺ കവിഞ്ഞു. ഉക്രെയ്ന്‍-റഷ്യ യുദ്ധത്തെത്തുടര്‍ന്ന് ആഗോള ആവശ്യം ഉയര്‍ന്നതും ഉയര്‍ന്ന താപനിലമൂലം ഉല്പാദനം കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ ഗോതമ്പ് വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. 

Eng­lish Sum­ma­ry: Record fall in wheat storage

You may also like this video

Exit mobile version