Site iconSite icon Janayugom Online

മധ്യപ്രദേശില്‍ റെക്കോഡ് പോളിങ്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിയമസഭാ പോളിങ് രേഖപ്പെടുത്തി മധ്യപ്രദേശ്. 76.22 ശതമാനവുമായി എക്കാലത്തെയും മികച്ച പോളിങ്ങ് സംസ്ഥാനത്തുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.63 ശതമാനമായിരുന്നു പോളിങ്. 0.59 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കിഴക്കൻ മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ഏറ്റവും കൂടുതൽ പോളിങ് (85.68) രേഖപ്പെടുത്തിയപ്പോള്‍ പടിഞ്ഞാറൻ മേഖലയിലെ അലിരാജ്പൂരില്‍ (60.10) ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തി. 

മധ്യപ്രദേശില്‍ ഓരോ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്തോറും പോളിങ് ശതമാനം വർധിച്ചു വരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2003ൽ പോളിങ് 67.25 ശതമാനവും 2008ൽ 69.78 ശതമാനവും 2013ൽ 72.13 ശതമാനവും 2018ൽ 75.63 ശതമാനവുമായിരുന്നു. അതേസമയം ഉയര്‍ന്ന പോളിങ് ശതമാനം കോണ്‍ഗ്രസിനും ബിജെപിക്കും ആശങ്കയാണ് സമ്മാനിക്കുന്നത്. എങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇരുപാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നു. 

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമാണ് ലഭിച്ചത്. സഖ്യ കക്ഷികളുമായി ചേര്‍ന്ന് കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ കളം മാറിയതോടെ സര്‍ക്കാര്‍ നിലം പതിച്ചു. പിന്നീട് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറുകയായിരുന്നു. 

Eng­lish Summary:Record polling in Mad­hya Pradesh
You may also like this video

Exit mobile version