Site iconSite icon Janayugom Online

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോഡിൽ

കടുത്ത വേനലിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ സംസ്ഥാനത്തെ വൈദ്യുതോപയോഗം സർവ്വകാല റെക്കോർഡായ 103.864 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.9985 ദശലക്ഷം യൂണിറ്റിന്റെ റെക്കോർഡാണ് ഇത്തവണ തിരുത്തിയത്.

സംസ്ഥാനത്തെ പീക്ക് അവറിലെ വൈദ്യുതി ഉപയോഗവും ഇന്നലെ സർവ്വകാല റെക്കോഡ് കുറിച്ചു. ഇന്നലെ പീക്ക് അവറിൽ സംസ്ഥാനത്ത് ആവശ്യമായി വന്നത് 5303 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ 12 ന് രേഖപ്പെടുത്തിയ 5031 മെഗാവാട്ടിന്റെ ഉപയോഗമാണ് ഇന്നലെ തിരുത്തിയത്. വേനൽ ചൂട് സാധാരണ നിലയിൽ നിന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നതിന് പുറമെ പരീക്ഷാ, തെരഞ്ഞടുപ്പു കാലവുമെല്ലാം കാരണം സംസ്ഥാനത്ത് ഈ മാസം 14 തവണയാണ് വൈദ്യുത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നത്.

കെഎസ്ഇബിയുടെ ചരിത്രത്തിലാദ്യമായാണ് വൈദ്യുതോപയോഗം ഒരു മാസം 14 തവണ നൂറ് ദശലക്ഷം യൂണിറ്റ് പിന്നിടുന്നത്. ഇന്നലെ മൊത്തം ഉപയോഗത്തിൽ 90. 1692 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറമെ നിന്ന് എത്തിക്കേണ്ടി വരികയും ചെയ്തു. ആഭ്യന്തര വൈദ്യുത ഉൽപ്പാദനം 13.6948 ദശലക്ഷം യൂണിറ്റായിരുന്നു. സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതിയുള്ള ജലാശയങ്ങളിലാകെ അവശേഷിക്കുന്നത് 1979.096 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ്. ജലാശയങ്ങളിലെല്ലാമായി അവശേഷിക്കുന്നത് 48 ശതമാനം ജലമാണ്.

Eng­lish Sum­ma­ry: record pow­er con­sump­tion in the state
You may also like this video

Exit mobile version