Site iconSite icon Janayugom Online

രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം

pathrampathram

രജിസ്ട്രേഷൻ വകുപ്പിന് 2022–23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു.
സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽ തന്നെ ലഭിച്ചു. ലക്ഷ്യം വച്ചതിനേക്കാൾ 187.51 കോടി രൂപയുടെ അധിക വരുമാനമാണ് രജിസ്ട്രേഷൻ വകുപ്പിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്, 1069 കോടി രൂപ. റവന്യു വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 629.96 കോടി രൂപ. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വരുമാനം 5000 കോടിരൂപയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 

മാർച്ച് മാസത്തിൽ കൂടുതൽ രജിസ്ട്രേഷനുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സോഫ്റ്റ്‌വേർ തകരാറുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്ന് എൻഐസിയെ അറിയിച്ചു, ഒരു തരത്തിലുള്ള മോഡ്യൂൾ അപ്ഡേഷനും പാടില്ല എന്നും അവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാമ്പ് പേപ്പറുകൾ ആവശ്യത്തിന് ലഭ്യമാക്കാനുള്ള നടപടികൾ ട്രഷറി വകുപ്പും സ്വീകരിച്ചിട്ടുണ്ട്. 

നിലവിലെ രജിസ്ട്രേഷൻ നടപടികൾ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രജിസ്ട്രേഷൻ വകുപ്പിൽ നിർമ്മാണം പൂർത്തിയായ ഒമ്പത് സബ് രജിസ്ട്രാർ ഓഫിസുകളുടെ പ്രവർത്തന ഉദ്ഘാടനവും ഒരു ഓഫീസിന്റെ നിർമ്മാണോദ്ഘാടനവും മൂന്നാം നൂറുദിന പരിപാടികളുടെ ഭാഗമായി നടക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. 

Eng­lish Sum­ma­ry: Record rev­enue for reg­is­tra­tion department

You may also like this video

Exit mobile version