പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശനഷ്‌ടം ഈടാക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ ഏഴ് ജില്ലകളിൽ നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്‌തു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് നടപടി. ഇന്ന് അഞ്ചുമണിക്ക് മുമ്പായി നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി വി അനുപമ നൽകിയ ഉത്തരവ്.
തിരുവനന്തപുരത്ത് അഞ്ച് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ ജപ്തി ചെയ്തു. കാട്ടാക്കട, വർക്കല, നെയ്യാറ്റിൻകര താലൂക്കുകളിലാണ് നടപടി. കോട്ടയം ജില്ലയിലും അഞ്ച് പിഎഫ്ഐ പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മീനച്ചിൽ താലൂക്ക് പരിധിയിലെ മൂന്ന് പേരുടെയും കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. എറണാകുളത്ത് ആലുവയിൽ മൂന്ന് സ്ഥലങ്ങളിൽ സ്വത്തുക്കൾ കണ്ടുകെട്ടി.
വയനാട്ടിൽ 14 നേതാക്കളുടേയും കാസർകോട് നാല് നേതാക്കളുടേയും സ്വത്തുക്കൾ കണ്ടുകെട്ടി. കാസർകോട് രണ്ട് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും റവന്യു റിക്കവറി നടന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്‌ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്‌തുക്കളും കണ്ടുകെട്ടി. തൃശൂരില്‍ കുന്നംകുളം പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അധീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ വീടുകളും സ്ഥലങ്ങളുമാണ് ഹൈക്കോടതി നിർദേശപ്രകാരം കുന്നംകുളം തഹസിൽദാർ അജികുമാറിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം ജപ്തി ചെയ്തത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്. മിന്നൽ ഹർത്താലിൽ അഞ്ച് കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. നേരത്തെ ജനുവരി പതിനഞ്ചിന് മുമ്പ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്ന് ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.
English Summary: Recovery of damages in lightning hartal; Houses and land of Popular Front leaders were confiscated
You may also like this video