Site icon Janayugom Online

പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനങ്ങൾ കേരളത്തെ തകർക്കും: ഡോ. മാധവ് ഗാഡ്ഗിൽ

gadgil

പശ്ചിമഘട്ടമടക്കമുള്ള പരിസ്ഥിതിലോല മേഖലകളെ സംരക്ഷിക്കാൻ വികേന്ദ്രീകൃതവും ജനകീയവുമായ ശ്രമങ്ങൾ അടിയന്തിരമായി ആരംഭിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനങ്ങൾ കേരളത്തെ തകർക്കുമെന്ന് ഡോ. മാധവ് ഗാഡ്ഗിൽ. ഇന്ത്യൻ അസ്സോസ്സിയേഷൻ ഓഫ് ലോയേഴ്സ് കേരള സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച “ദുരന്തമുഖങ്ങളിൽ മാത്രം ചർച്ച ചെയ്യപ്പെടുന്ന പശ്ചിമഘട്ട സംരക്ഷണവും നിയമങ്ങളും” എന്ന വിഷയത്തിലുള്ള വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ലെ പ്രളയത്തിനു ശേഷമെങ്കിലും സർക്കാർ ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരം ഗ്രാമസഭകൾ വഴി പരിസ്ഥിതി ലോല മേഖകളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കേരളമടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് വെള്ളം നൽകുന്ന പശ്ചിമഘട്ടത്തെ കരുതലോടെ കാത്തുവെയ്ക്കുന്നതിൽ ഇന്ത്യൻ ഭരണകൂടം പരാജയപ്പെടുന്നോ എന്ന് പരിശോധിക്കണം. പരിസ്ഥിതി സംരക്ഷണം ഒരു കേന്ദ്രീകൃത നടപടിയായി കാണാതെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കേണ്ട ജനകീയ വിഷയമാണ്. അതുകൊണ്ടാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുതിയ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാൻ നിർദ്ദേശിക്കാതെ ജനകീയ പങ്കാളിത്തത്തോടെയുളള പശ്ചിമഘട്ട സംരക്ഷണ നടപടികൾക്ക് ശുപാർശ ചെയ്തത്.

എന്നാൽ ഈ ശുപാർശകളെ കേന്ദ്ര സർക്കാർ കാര്യമായി ഗൗനിച്ചില്ല. സംസ്ഥാന സർക്കാരുകളും പരിഗണിച്ചില്ല. കേരളത്തിലാണെങ്കിൽ ജനകീയാസൂത്രണത്തിന്റെ അനുഭവസമ്പത്തുണ്ടെങ്കിലും ജനകീയമായ പശ്ചിമ ഘട്ട പരിസ്ഥിതി സംരക്ഷണം ജനകീയ ആസൂത്രണം വഴി നടപ്പാക്കാതെയിരിക്കുന്നു. അഭിഭാഷകർ മുൻകയ്യെടുത്ത് ജനകീയമായി പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുകയും നിയമങ്ങൾ കർക്കശമായി നടപ്പാക്കുന്നു എന്നുറപ്പ് വരുത്തുകയും വേണം. പശ്ചിമഘട്ട സംരക്ഷണത്തെ കർഷകവിരുദ്ധ നടപടിയായി പ്രചരിപ്പിക്കുന്നവർ ജനവിരുദ്ധരാണ്. അവരാണ് കർഷക വിരുദ്ധരെന്നും ഡോ. മാധവ ഗാഡ്ഗിൽ പറഞ്ഞു. വെബിനാറിൽ ഐഎഎൽ സംസ്ഥാന പ്രസിഡന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി. സി ബി സ്വാമിനാഥൻ സ്വാഗതം പറഞ്ഞു.

അഡ്വ. പി എ അയൂബ്ഖാൻ ആമുഖ പ്രസംഗം നടത്തി. മുൻ റവന്യൂ മന്ത്രി കെ പി രാജേന്ദ്രൻ, ബിനോയ് വിശ്വം എം പി, അഡ്വ ഹരീഷ് വാസുദേവൻ, അഡ്വ ബി കെ ജയമോഹൻ എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Recur­rence of nat­ur­al dis­as­ters will destroy Ker­ala: Dr. Mad­hav Gadgil

You may like this video also

Exit mobile version