Site iconSite icon Janayugom Online

മണ്ഡല പുനര്‍നിര്‍ണയം, ഇരട്ട വോട്ട്: പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം

പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. മണ്ഡല പുനര്‍നിര്‍ണയവും ഇരട്ട വോട്ടുകളും സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചു. സിപിഐ അംഗങ്ങളായ പി സന്തോഷ് കുമാറും പി പി സുനീറും ഉള്‍പ്പെടെ 12 എംപിമാരാണ് ചട്ടം 267 പ്രകാരം വിഷയത്തില്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ചെയര്‍ ഇത് നിരാകരിച്ചതോടെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. സഭാ ചട്ടങ്ങളും നടപടികളും പ്രതിപക്ഷം ഇനിയും പഠിക്കേണ്ടതുണ്ടെന്ന രാജ്യസഭാ നേതാവ് ജെ പി നഡ്ഡയുടെ പരാമര്‍ശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ലോക്‌സഭയിലും സമാന വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെ സ്പീക്കര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. ചോദ്യവേളയില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഹിന്ദി ഭാഷാ വിഷയത്തില്‍ തമിഴ്‌നാട്, സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന പരാമര്‍ശം നടത്തിയതിന് പിന്നാലെ ഡിഎംകെ അംഗങ്ങള്‍ അതിശക്തമായ പ്രതിരോധം ഉയര്‍ത്തിയതോടെ ലോക്‌സഭ 12 വരെ നിര്‍ത്തിവച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരവും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തില്‍ നിന്നുള്ള എംപിമാരുള്‍പ്പെടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചെങ്കിലും അക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഉച്ചതിരിഞ്ഞു ചേര്‍ന്ന സഭകളിലും ബില്‍ ചര്‍ച്ചകളും സര്‍ക്കാര്‍ ബിസിനസുകളുമാണ് മുന്നേറിയത്. ഏപ്രില്‍ നാലിനാണ് രണ്ടാംഘട്ട സമ്മേളനം അവസാനിക്കുക.

മണിപ്പൂരിന് 35,104 കോടിയുടെ ബജറ്റ്

വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ 2025–26 ലെ ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജിവച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നു. 35,104 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് നിര്‍മ്മലാ സീതാരാമന്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. ഈ സാമ്പത്തിക വര്‍ഷം 32,656.81 കോടി രൂപയാണ് സംസ്ഥാന ബജറ്റ്. ഇതില്‍ നിന്നാണ് 35,103.90 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. 2024–25 ല്‍ ഇത് 32,471.90 കോടിയായിരുന്നു. അതേസമയം സംസ്ഥാനത്ത് വംശീയ കലാപം വീണ്ടും രൂക്ഷമായതിന് പിന്നാലെ കുക്കി-സോ മേഖലയില്‍ പ്രഖ്യാപിച്ച ബന്ദ് മൂന്നാം ദിവസവും ജനജീവിതം സ്തംഭിപ്പിച്ചു. കുക്കി വനിതകളുടെ നേതൃത്വത്തില്‍ ദേശീയ പാത രണ്ട് ഉപരോധിച്ചു. അതിനിടെ നിരോധിത സംഘടനയില്‍പ്പെട്ട 15 പേരെ അറസ്റ്റ് ചെയ്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു.

Exit mobile version