സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായി കണക്കുകള്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ 2023 ലെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തെക്കാള്‍ റോഡപകട മരണ നിരക്കില്‍ 7.2 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. 2022 ല്‍ 4317 ആയിരുന്ന അപകട മരണമാണ് കഴിഞ്ഞ വര്‍ഷം 4010 ആയി കുറഞ്ഞത്. അതായത് 307 പേരുടെ ജീവന്‍ സുരക്ഷിതമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ കണക്കെടുത്താൽ ഇതിനെ ഒരു വലിയ കുറവായി കണക്കാക്കാമെന്നാണ് വ്യക്തമാകുന്നത്.
2018 ൽ 4303,2019 ൽ 4440, 2020 ൽ 2979,2021 ൽ 3429 ( 2020, 21 വർഷങ്ങൾ കോവിഡ് കാലഘട്ടമായിരുന്നു), 2022 ൽ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്. 2020ന്റെ തുടക്കത്തിൽ ഒരു കോടി നാൽപത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപകടമരണങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ച എഐ ക്യാമറയും ഒരു പരിധി വരെ അപകട മരണങ്ങൾ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ നടത്തുന്ന എൻഫോഴ്സ്മെന്റ്, റോഡുസുരക്ഷാ പ്രവർത്തനങ്ങളും അപകടങ്ങൾ കുറയാൻ സഹായകമായിട്ടുണ്ട്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻ രക്ഷാ സംവിധാനങ്ങൾ കൂടുതല്‍ പേരും ശീലമാക്കിയതാണ് പ്രധാനമായും അപകടം കുറയാന്‍ കാരണമായിട്ടുള്ളത്.
English Summary: Reduction in the number of people losing their lives in road accidents
You may also like this video