ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ നടപടികൾ ആരംഭിക്കുന്നു. ആകെ 30,000 ജീവനക്കാരെ ഒഴിവാക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ രണ്ടാം ഘട്ടമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഏകദേശം 14,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ബാക്കിയുള്ള 16,000 ഓളം പേർക്ക് അടുത്ത ചൊവ്വാഴ്ചയോടെ ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആമസോൺ വെബ് സർവീസസ്, റീട്ടെയിൽ, പ്രൈം വീഡിയോ, ഹ്യൂമൻ റിസോഴ്‌സ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഈ നീക്കം പ്രധാനമായും ബാധിക്കുക. കമ്പനിയിലെ അനാവശ്യമായ മാനേജ്‌മെന്റ് തലങ്ങൾ ഒഴിവാക്കി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണിതെന്ന് സിഇഒ ആൻഡി ജാസി അറിയിച്ചു. കോർപ്പറേറ്റ് ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേർക്ക് ഈ പുനഃസംഘടനയിൽ തൊഴിൽ നഷ്ടമാകും. മുൻപ് നടന്ന പിരിച്ചുവിടലുകൾ ഇന്ത്യയിലെ ആമസോൺ ഓഫീസുകളെയും ബാധിച്ചിരുന്നതിനാൽ ഇത്തവണയും ഇന്ത്യൻ ജീവനക്കാർക്കിടയിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്.

