Site iconSite icon Janayugom Online

കശുഅണ്ടി വ്യവസായ മേഖലയിൽ പുനരുദ്ധാരണ പാക്കേജ്

സ്വകാര്യ കശുഅണ്ടി വ്യവസായ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഫോർമുല തയാറായി. ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി 500 കോടിയോളം രൂപ എഴുതിത്തള്ളും. കശുഅണ്ടി ഫാക്ടറിയോടൊപ്പം വ്യാപാരവും നടത്തിയിരുന്ന വ്യവസായികളെക്കൂടി ആനുകൂല്യങ്ങൾക്കുള്ള പരിധിയിൽ ഉൾപ്പെടുത്തി. 10 കോടി രൂപ വരെ വായ്പയെടുത്തവരുടെ പലിശ പൂർണമായി എഴുതിത്തള്ളും. വിവിധ ബാങ്കുകളിൽ നിന്നായി രണ്ട് കോടി രൂപവരെ വായ്പയെടുത്ത വ്യവസായികൾക്ക് മുതലിന്റെ അമ്പത് ശതമാനം തുക തിരിച്ചടച്ച് ബാധ്യത തീർക്കാം. രണ്ട് കോടി മുതൽ 10 കോടി രൂപവരെ വായ്പയെടുത്തവർ 60 ശതമാനം തുക തിരിച്ചടക്കണം. 2020 മാർച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകൾക്കാണ് ഇളവ് ലഭിക്കുക. ഫോർമുലയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചടവ് നിർദേശം സമർപ്പിക്കാൻ ബാങ്കുകൾക്ക് ഫെബ്രുവരി 28 വരെ സമയം നൽകും. ഈ സമയത്തിനുള്ളിൽ ആദ്യ ഗഡുവായി പത്ത് ശതമാനം തുക അടയ്ക്കണം. നിർദേശം അംഗീകരിച്ചതിനു ശേഷം ഒരു വർഷം കൊണ്ട് വായ്പ തിരിച്ചടച്ചാൽ മതിയാകും. 

കടക്കെണിയിലായ സ്വകാര്യ കശുഅണ്ടി വ്യവസായത്തെ പുനരുദ്ധീകരിക്കുന്നതിന് പാക്കേജ് തയാറാക്കാനുള്ള നടപടികൾക്ക് 2019 ലാണ് സർക്കാർ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 2020 മാർച്ച് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഫോർമുല രൂപപ്പെടുത്താൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ, സർക്കാർ പ്രതിനിധി, വ്യവസായികളുടെ പ്രതിനിധി എന്നിവരുൾപ്പെട്ട മൂന്നംഗസമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വ്യവസായ വകുപ്പുമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ആറ് തവണയും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ ഒരു തവണയും സമിതി യോഗം ചേർന്നു. ബാങ്കുകളും വ്യവസായികളും മുന്നോട്ട്‌വച്ച ഫോർമുലകളിൽ ഇരുകൂട്ടരും യോജിപ്പിലെത്താനായി പല തരത്തിലുള്ള ശ്രമങ്ങൾ നടത്തി. ഇതിനു ശേഷമാണ് അന്തിമ ധാരണയിൽ എത്തിയത്. കടക്കെണിയിലായ സ്വകാര്യ കശുഅണ്ടി വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുന്ന ഒരു ഫോർമുലയാണ് ഇപ്പോൾ രൂപീകരിച്ചിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 

ENGLISH SUMMARY:Rehabilitation Pack­age in the Cashew Indus­try Sector
You may also like this video

Exit mobile version