Site icon Janayugom Online

പുനരധിവാസം വേഗത്തിൽ നടപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

പ്രകൃതിക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സർക്കാരിന് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശംനൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോർട്ട് കിട്ടിയാലുടൻ പുനരധിവാസ നടപടികൾ ആരംഭിക്കുമെന്ന്‌ കൊക്കയാർ, പെരുവന്താനം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. 47 കുടുംബങ്ങളിലെ 175 പേർ കഴിയുന്ന കൂട്ടിക്കൽ കെഎംജെ പബ്ലിക് സ്‌കൂൾ ക്യാമ്പ്, 54 കുടുംബത്തിലെ 190 പേർ കഴിയുന്ന സെന്റ് ജോർജ് സ്‌കൂൾ ക്യാമ്പ്, 45 കുടുംബങ്ങളിലെ 133 പേരുള്ള കുറ്റിപ്ലാങ്ങാട് സ്‌കൂൾ ക്യാമ്പ് എന്നിവിടങ്ങൾ സന്ദർശിച്ച് ദുരിതബാധിതരോട് ക്യാമ്പിലെ സൗകര്യങ്ങൾ മന്ത്രി ചോദിച്ച്‌ മനസ്സിലാക്കി. വെള്ളംകയറിയ വീടുകൾ സുരക്ഷിതമാണെന്ന്‌ ഉറപ്പുലഭിച്ചശേഷമേ വീടുകളിലേക്ക് മടങ്ങാവൂവെന്ന് മന്ത്രി ക്യാമ്പുകളിലുള്ളവരോട് നിർദേശിച്ചു. ക്യാമ്പുകളിൽ വസ്ത്രവും വൈദ്യസഹായവും ഉറപ്പാക്കി. വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കെ ടി ബിനു, മുൻ എംഎൽഎ കെ ജെ തോമസ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ക്യാമ്പുകൾ സന്ദർശിച്ചു.

 

Eng­lish Sum­ma­ry: Reha­bil­i­ta­tion will be imple­ment­ed soon: Min­is­ter K Radhakrishnan

 

You may like this video also

Exit mobile version