എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെയും സിബിഐ ഡയറക്ടറുടെയും ഔദ്യോഗിക കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്നും അഞ്ചു വര്‍ഷമായി ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി നരേന്ദ്രമോഡിയുടെ സ്വേച്ഛാധിപത്യ ഭരണം അരക്കിട്ട് ഉറപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ രണ്ട് ഓര്‍ഡിനന്‍സുകളിലൂടെ നടത്തിയ നീക്കം ജനാധിപത്യ സംവിധാനത്തിന് അപമാനവും പാര്‍ലമെന്റിന്റെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്. അത് ഭരണയന്ത്രത്തെ രാഷ്ട്രീയ മേലാളന്മാരുടെ അടിമകളാക്കി മാറ്റുന്നതും അതുവഴി ജനാധിപത്യഭരണ പ്രക്രിയയെ അട്ടിമറിക്കാന്‍ ലക്ഷ്യം വച്ചുള്ളതുമാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നീട്ടുന്നതിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനവും നിയമവാഴ്ചയുടെ നഗ്നമായ നിഷേധവുമാണ്. ചട്ടങ്ങള്‍ക്ക് അനുസൃതമായി രണ്ടു വര്‍ഷമായി ഔദ്യോഗിക കാലാവധി നിര്‍ണയിച്ചിട്ടുള്ള പദവികളില്‍ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് അനുസൃതമായി മോഡി സര്‍ക്കാര്‍ നീട്ടിനല്കുന്നത് ഇത് ആദ്യമല്ല. നേരത്തെ പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, റിസര്‍വ് ആന്റ് അനാലിസിസ് വിങ് (റോ) സെക്രട്ടറി എന്നിവരുടെ കാലാവധി ‘പൊതുതാല്പര്യ’ത്തിന്റെ പേരില്‍ നീട്ടിനല്കിയിരുന്നു. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സിബിഐ ഡയറക്ടറുടെ കാലാവധിയും ആ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം തന്നെ വിരല്‍ചൂണ്ടുന്നത് മോഡി സ്വേച്ഛാഭരണം 2024ലെ പൊതു തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് ഉറപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ്.\
ഇതുകൂടി വായിക്കാം : ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വേച്ഛാഭരണം ഉറപ്പിച്ചു നിര്‍ത്തുന്നതിലും പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ദുര്‍ബലപ്പെടുത്തുന്നതിനും ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ നിര്‍ണായക പങ്കാണ് നിര്‍വഹിച്ചു വരുന്നത്. 2018 നവംബര്‍ 19ന് ചട്ടാനുസൃതം നിയമിതനായ ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ ഔദ്യോഗിക കാലാവധി 2020 നവംബര്‍ 19ന് അവസാനിക്കേണ്ടതായിരുന്നു. വിരമിക്കല്‍ പ്രായം കഴിഞ്ഞ മിശ്രയ്ക്ക് രാഷ്ട്രീയ എതിര്‍പ്പുകളെയും സുപ്രീം കോടതിയുടെ അതൃപ്തിയും വകവയ്ക്കാതെ മോഡി ഭരണകൂടം നാളെ വരെ കാലാവധി നീട്ടിനല്കിയിരുന്നു. മിശ്രയ്ക്ക് ‘പൊതു താല്പര്യ’ത്തിന്റെ പേരില്‍ കാലാവധി നീട്ടിനല്കാന്‍ അനുവദിച്ച സുപ്രീം കോടതി ഉത്തരവ് തുടര്‍ന്ന് കാലാവധി നീട്ടിനല്കരുതെന്ന് നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ മോഡി ഭരണത്തുടര്‍ച്ചയ്ക്ക് പ്രതിബന്ധമാകാവുന്ന ഏതാണ്ട് എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കും വിമര്‍ശകര്‍ക്കും എതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തി അവരെ നിശബ്ദരും നിഷ്ക്രിയരുമാക്കാനുള്ള അട്ടിമറി ചുമതല നിക്ഷിപ്തമായിരിക്കുന്നത് മിശ്രയിലാണ്. വിരമിച്ച സുപ്രീം കോടതി ജഡ്ജ് ദീപക് ഗുപ്ത വിവരിച്ചവിധം ഇത്തരം ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രതിജ്ഞയെ മാനിക്കാതെ ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്നതിനു പകരം രാഷ്ട്രീയ യജമാനന്മാരുടെ വിടുപണിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ പാര്‍ലമെന്റിനെയും നീതിപീഠത്തെയും നിയമവാഴ്ചയേയും മറികടന്നും ധിക്കരിച്ചും രാഷ്ട്രീയ നേതൃത്വത്തിന്റെ വിടുപണിക്ക് മുതിരുന്നവരെ ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ച് പ്രതിഫലം നല്കുന്നത് മോഡി ഭരണത്തില്‍ സംസ്കാരമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയെ താന്‍ ആഗ്രഹിക്കുന്നവിധം ഒരു ഫാസിസ്റ്റ് സമൂഹമായി മാറ്റുന്നതിനുള്ള വിപുലമായ തയാറെടുപ്പുകളാണ് രാജ്യത്ത് നടന്നുവരുന്നത്. സ്തുതിപാഠകരും വിടുപണിക്ക് മടിയില്ലാത്തവരുമായ ഉദ്യോഗസ്ഥവൃന്ദത്തെ കുത്തിനിറച്ച ഒരു ഭരണ സംവിധാനത്തെയാണ് മോഡി തനിക്ക് ചുറ്റുമായി അണിനിരത്തുന്നത്. ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്നതും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഭരണ സംവിധാനം നിലനിര്‍ത്താന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ ചെറുത്തുനില്പ് സമരങ്ങള്‍ക്ക് ആഹ്വാനം നല്കുന്ന സംഭവവികാസങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
You may also like this video;