Site icon Janayugom Online

ചൈനയുമായുള്ള ബന്ധം സാധാരണനിലയിലല്ല: എസ് ജയശങ്കര്‍

അതിര്‍ത്തി കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ചൈനയുമായുള്ള ബന്ധം സാധാരണഗതിയിലല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മൂന്ന് മണിക്കൂര്‍ ചര്‍ച്ച നടത്തിയതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സൈനിക വിന്യാസം നടത്തിയ ചൈനയുടെ നടപടി 1993–96 കരാറുകളുടെ ലംഘനമാണ്. അതുകൊണ്ടുതന്നെ ചൈനയുമായി നല്ല ബന്ധമല്ല നിലവിലുള്ളതെന്നും എസ് ജയശങ്കര്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഔദ്യോഗിക അറിയിപ്പ് നല്‍കാതെയാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം നടത്തിയത്. ഇസ്ലാമിക് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനില്‍ കശ്മിര്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പ്രതികരിച്ചതിന് പിന്നാലെയാണ് വാങ് യിയുടെ ഇന്ത്യന്‍ സന്ദര്‍ശനം.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ ഇന്ത്യ‑ചൈന സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യക്കാരും നിരവധി ചൈനീസ് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ആദ്യമായാണ് ചൈനയിലെ ഉന്നത നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ചൈനയുടെ അധ്യക്ഷതയില്‍ ചേരുന്ന ബ്രിക്സ് യോഗത്തിലേക്ക് മോഡിയെ ക്ഷണിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ളബന്ധം ശക്തമാക്കുന്നതിനും വേണ്ടിയാണ് വാങ് യി ഇന്ത്യയിലെത്തിയത്. 

Eng­lish Summary:Relations with Chi­na are not nor­mal: S Jayashankar
You may also like this video

Exit mobile version