കൊട്ടാരക്കരയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് പ്രശ്നക്കാരനായിരുന്നില്ലെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും. മദ്യപാനിയായിരുന്നെങ്കിലും മദ്യപിച്ചുകഴിഞ്ഞാല്‍ സന്ദീപ് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിരുന്ന ഒരാളല്ലെന്ന് സന്ദീപിന്റെ പിതൃസഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്വന്തം വീട്ടില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം സ്കൂളില്‍ സന്ദീപ് പ്രശ്നക്കാരനായിരുന്ന ഒരു അധ്യാപകന്‍ ആയിരുന്നില്ലെന്ന് നെടുമ്പന സ്കൂളിലെ പ്രധാനാധ്യാപിക പറഞ്ഞു.
മദ്യപാനവും വഴക്കും പതിവായതോടെ ഇയാളുടെ ഭാര്യ രണ്ടുമക്കൾക്കൊപ്പം കുറച്ചുകാലമായി പിരിഞ്ഞുകഴിയുകയാണ് സന്ദീപ്. ആദ്യം ജോലി ചെയ്തിരുന്ന വിലങ്ങറ യുപി സ്കൂളിൽ തസ്തിക റദ്ദായതിനെ തുടർന്ന് 2021 ഡിസംബർ മുതൽ നെടുമ്പന യുപി സ്കൂളിൽ സംരക്ഷിത അധ്യാപകനായി ജോലി നോക്കി വരുകയായിരുന്നു. മാർച്ച് 31 വരെ ജോലിക്ക് എത്തിയിരുന്നതായും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. ഡീ അഡിക്‌ഷൻ സെന്ററിൽ നിന്ന് അടുത്തിടെയാണ് ചികിത്സ കഴിഞ്ഞ് ഇറങ്ങിയത്.
അതിനിടെ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രിയില്‍ എത്തിക്കുംവരെ സന്ദീപ് പ്രകോപനം കാട്ടിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
മാതാപിതാക്കളുടെ തീരാവ്യഥയിൽ മനസ്സ് ചേർത്ത് നാടും
കോട്ടയം: കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ വ്യഥയിൽ മനം ചേർത്ത് നാട്. വീടിന്റെ മതിലിൽ ചേർത്ത ‘ഡോ. വന്ദനദാസ് എംബിബിഎസ്’ എന്ന ബോർഡ് നൊമ്പരക്കാഴ്ചയായി. കടുത്തുരുത്തി മുട്ടുചിറ പട്ടാളമുക്കിൽ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. മകൾ രോഗിയുടെ ആക്രമണത്തിന് ഇരയായ വാർത്തയറിഞ്ഞ് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോയ അച്ഛനും അമ്മയും മടങ്ങിയത് അവളുടെ ചേതനയറ്റ ശരീരവുമായാണ്. ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്പോൾ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണവിവരം അറിഞ്ഞത്. കുറവിലങ്ങാട് ഡിപോൾ സ്കൂളിലായിരുന്നു വന്ദനയുടെ സ്കൂൾ വിദ്യാഭ്യാസം. അസീസിയ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
You may also like this video