Site iconSite icon Janayugom Online

പരിസ്ഥിതി നിയമങ്ങളിൽ ഇളവ്; വൻകിട വ്യവസായങ്ങൾക്ക് ഇനി എളുപ്പത്തിൽ അനുമതി

ഉയര്‍ന്ന അളവില്‍ മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുന്ന വിധത്തില്‍ പരിസ്ഥിതി നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. രാജ്യത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1974‑ലെ ജല മലിനീകരണ നിയന്ത്രണ നിയമത്തിലും 1981ലെ വായു മലിനീകരണ നിയന്ത്രണ നിയമത്തിലുമാണ് മാറ്റങ്ങൾ വരുത്തിയത്. ഇതോടെ ഉയർന്ന തോതിൽ മലിനീകരണം ഉണ്ടാക്കുന്ന ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വൻകിട വ്യവസായങ്ങൾക്കും ഇനി മുതൽ എളുപ്പത്തിൽ പ്രവർത്തനാനുമതി ലഭിക്കും. പുതിയ ഭേദഗതികൾ വരുന്നതോടെ വ്യവസായങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ വലിയ ലഘൂകരണമാണ് ഉണ്ടാകുന്നത്: മലിനീകരണ തോത് കൂടുതലുള്ള വ്യവസായ സ്ഥാപനങ്ങൾ ഇനി മുതൽ കൃത്യമായ ഇടവേളകളിൽ പ്രവർത്തനാനുമതി ആവർത്തിച്ച് പുതുക്കേണ്ടതില്ല. സ്ഥാപനം തുടങ്ങുന്നതിനും പ്രവർത്തനം ആരംഭിക്കുന്നതിനും ആവശ്യമായ നിയമപരമായ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ പുതിയ വ്യവസ്ഥ സഹായിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ നടത്തിവന്നിരുന്ന കർശനമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ഇനി നിയന്ത്രണമുണ്ടാകും.

മലിനീകരണ സൂചിക 60‑ന് മുകളിലുള്ള സ്ഥാപനങ്ങളെയാണ് ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയാണ് ഏറ്റവും കൂടുതൽ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നത്.നിലവിൽ ചുവപ്പ്, ഓറഞ്ച്, പച്ച വിഭാഗങ്ങളിലുള്ള വ്യവസായങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് പ്രത്യേക സമ്മതപത്രം വാങ്ങണമായിരുന്നു. പുതിയ ഭേദഗതിയോടെ ഈ കർശന നിർദ്ദേശങ്ങൾ ലഘൂകരിക്കപ്പെടും. ആറുമാസം മുതൽ രണ്ട് വർഷം വരെയുള്ള ഇടവേളകളിൽ നടത്തിയിരുന്ന നിർബന്ധിത പരിശോധനകൾ ഇല്ലാതാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. രാജ്യത്ത് വായുമലിനീകരണം മൂലം ശ്വാസകോശ രോഗങ്ങളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഈ നീക്കം തിരിച്ചടിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കുമെന്ന ആഗോള പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമാണ് പുതിയ തീരുമാനമെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ് ലക്ഷ്യമിട്ടാണ് മാറ്റങ്ങളെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ഇത് പ്രകൃതിക്കും പൊതുജനാരോഗ്യത്തിനും വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. 

Exit mobile version