Site iconSite icon Janayugom Online

നിമിഷ പ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ മധ്യസ്ഥന്‍ ആരെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയില്ല. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
യെമന്‍ പൗരന്റെ വധവുമായി ബന്ധപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ ഒഴിവാക്കാന്‍ പല കോണുകളില്‍ നിന്നും ഇടപെടലുണ്ടായി. ഇതുമായി ബന്ധപ്പെട്ട കേസാണ് ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. കെ എ പോള്‍ ആണോ പുതിയ മദ്ധ്യസ്ഥന്‍ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന മറുപടി നല്‍കിയെങ്കിലും പുതിയ മധ്യസ്ഥന്റെ പേര് കേന്ദ്രം പുറത്തുവിട്ടില്ല. നിമിഷ പ്രിയയുടെ ജീവന് ആശങ്കയുയര്‍ത്തുന്ന സാഹചര്യം നിലവിലില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസ് ജനുവരിയിലേക്ക് മാറ്റാന്‍ ബെഞ്ച് ഉത്തരവായി. എന്നാല്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിന് കേസ് മെന്‍ഷന്‍ ചെയ്യാനുള്ള അനുമതിയും കോടതി നല്‍കി.

Exit mobile version