COPD — Chronic Obstructive Pulmonary Disease, ശ്വാസനാളങ്ങള്‍ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. സ്ഥായിയായി ശ്വാസനാളങ്ങളെ ബാധിക്കുന്ന ഈ രോഗം WHO ന്റെ കണക്കനുസരിച്ച് മരണമുണ്ടാക്കുന്ന രോഗങ്ങളില്‍ നാലാം സ്ഥാനത്താണ്. ഇത്രയും പ്രാധാന്യമുള്ള ഈ അസുഖത്തെപ്പറ്റിയുള്ള അവബോധം സാധാരണക്കാരുടെ ഇടയില്‍ ഇല്ല എന്ന് തന്നെ പറയാം.
Global Initiative for Chronic Obstructive Lung Disease (GOLD) എന്ന സംഘടനയും ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയും സംയുക്തമായി ലോകമെമ്പാടും COPD എന്ന രോഗത്തെപ്പറ്റി അവബോധമുണ്ടാക്കാനും നൂതന ആശയങ്ങള്‍ പങ്കുവെക്കാനും, COPD രോഗഭാരം കുറയ്ക്കുവാനും വേണ്ടി നവംബര്‍ 17 COPD ദിനമായി ആചരിച്ചു വരുന്നു.
ഈ വര്‍ഷത്തെ സി ഒ പി ഡി ദിന വിഷയം “Healthy Lungs — Never More Important” എന്നാണ്. ഈ മഹാമാരി കാലത്ത് വളരെ അനുയോജ്യമായ വിഷയമാണ് ഈ വര്‍ഷത്തേത്.
ആദ്യമായി സി ഒ പി ഡി ദിനം ആചരിച്ചത് 2002‑ലാണ്. ഓരോ വര്‍ഷവും അമ്പതില്‍പ്പരം രാജ്യങ്ങള്‍ സി ഒ പി ടി ദിനത്തിന്റെ പ്രസക്തി ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു. ശ്വാസന പ്രക്രിയ സുഗമമാക്കാന്‍, ശ്വാസനാള ങ്ങളുടെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍, പുകവലിയില്‍ നിന്നും വിട്ടുനില്‍ക്കുകയും ശുദ്ധവായു ശ്വസിക്കുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പൊടിപടലങ്ങളും പുകയും ഉണ്ടാകുന്ന ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്യുക. COPD ബാധിച്ച രോഗികളുടെ പുനരധിവാസ പദ്ധതികളുടെ പ്രാധാന്യവും പ്രതിരോധ കുത്തിവെപ്പുകളുടെയും കൃത്യമായ ചികിത്സയുടെയും പ്രസക്തി ലോകമെമ്പാടും വ്യാപിപ്പിക്കുകയുമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
COPD യുടെ പ്രധാന ലക്ഷണം ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പും ശ്വാസതടസ്സവുമാണ്. കൂടാതെ ദീര്‍ഘനാള്‍ നില്‍ക്കുന്ന കഫത്തോടുകൂടിയും അല്ലാതെയുമുള്ള ചുമ അമിത ക്ഷീണം എന്നിവയാണ്.
സ്‌പൈറോമെട്രി, ചെസ്റ്റ് എക്‌സ്‌റേ എന്നീ പരിശോധനകളിലൂടെയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. ചില അവസരങ്ങളില്‍ സി ടി സ്‌കാനും ആവശ്യമായി വരാറുണ്ട്.
സി ഒ പി ഡി യുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി, മറ്റുകാരണങ്ങള്‍ അന്തരീക്ഷ മലിനീകരണവും വിറകടുപ്പില്‍ നിന്നുണ്ടാകുന്ന പുക ശ്വസിക്കുന്നതുമാണ്. 40 വയസ്സു കഴിഞ്ഞ വ്യക്തികളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ആസ്ത്മ കൃത്യമായി ചികിത്സിക്കാത്ത വ്യക്തികളിലും അത് മൂര്‍ച്ഛിച്ച് സി ഒ പി ഡി യിലേക്ക് വഴിമാറാം.
സി ഓ പി ഡി യുടെ ചികിത്സ ശ്വാസനാളികളിലേയ്ക്ക് നേരിട്ട് നല്‍കുന്ന Broncho dialator വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളാണ്. COPD ശ്വാസനേന്ദ്രിയങ്ങളെക്കൂടാതെ ഹൃദയം, വൃക്ക, പേശികള്‍ എന്നിവയെയും ബാധിക്കാം. അതുകൊണ്ട് COPD രോഗികളെ ചികിത്സിക്കുമ്പോള്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
രോഗനിര്‍ണ്ണയവും ചികിത്സയും വൈകിയാല്‍ രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയിലേയ്ക്കും വരാം. ഈ സ്ഥിതിയിലുള്ള രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ഓക്‌സിജന്‍ നല്‍കേണ്ടിവരും. പുനരധിവാസ പ്രവര്‍ത്തനങ്ങളും ഈ ഒരവസ്ഥയില്‍ വളരെ പ്രധാനമാണ്.
Lung Volume Reduction ശസ്ത്രക്രിയകളും പ്രത്യേക അവസരങ്ങളില്‍ ചെയ്തുവരുന്നു. COPD ദിനത്തോടനുബന്ധിച്ച് ഈ രോഗത്തെയും അതിന്റെ രോഗനിര്‍ണ്ണയത്തേയും ചികിത്സാരീതികളെയും പറ്റി അവബോധമുണ്ടാക്കുക എന്നത് മാധ്യമങ്ങളുടെ കൂടി ധര്‍മ്മമാണ്.
ENGLISH SUMMARY:Relevance of World COPD Day — November 17
You may also like this video