മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരന് ലോകായുക്തയുടെ രൂക്ഷ വിമർശനം. കേസ് പരിഗണിക്കുന്നത് പൂർണബെഞ്ചിന് വിട്ടതിനെതിരെ നൽകിയ ഇടക്കാല ഹർജി പരിഗണിക്കുന്നതിനിടെയാണ് ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഭാഗത്ത് നിന്ന് പരാതിക്കാരനായ ആർ എസ് ശശികുമാറിനും അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകനുമെതിരെ രൂക്ഷ പരാമർശങ്ങളുണ്ടായത്. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തത കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാല ഹർജി. അഭിഭാഷകനോട് വിധി പൂർണമായി വായിക്കാൻ പറഞ്ഞ ലോകായുക്തയും ഉപലോകായുക്തമാരും ഹർജിക്കാരൻ തങ്ങളുടെ സമയം കളയുകയാണെന്ന് വിമർശിച്ചു.
കേസ് നീട്ടിക്കൊണ്ടുപോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകും. ഉത്തരവ് മൂന്നംഗ ബെഞ്ച് ഹർജിക്കാരനെക്കൊണ്ട് പൂർണമായും വായിപ്പിച്ചു. തുടർന്ന് കാര്യങ്ങളിൽ വ്യക്തത വന്നതിനാൽ ഹർജി പിൻവലിക്കുന്നുണ്ടോ എന്നും ചോദിച്ചു. ഇതിന് അഭിഭാഷകൻ മറുപടി പറയാത്തതിനാൽ ഹർജി തള്ളുകയാണെന്ന് ലോകായുക്ത അറിയിച്ചു. വായ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ ഹർജിക്കാരൻ മാധ്യമങ്ങളിൽ പറയുന്നതായും ഇത്രയും മോശം വാദം ഒരു കേസിലും കേട്ടിട്ടില്ലെന്നും ഉപലോകായുക്ത പറഞ്ഞു. ഹർജിക്കാരന്റെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഇനി കേസിൽ ഹാജരാകുന്നില്ലെന്ന് അഡ്വ. സുബൈർ കുഞ്ഞ് പറഞ്ഞതും ലോകായുക്തയുടെ വിമർശനത്തിന് കാരണമായി. വാദം പൂർത്തിയായതിനെ തുടർന്ന് കേസ് വിധി പറയാനായി മാറ്റി.
English Summary;Relief Fund Case; The Lokayukta criticized the petitioner
You may also like this video