Site iconSite icon Janayugom Online

ഇസ്രയേലില്‍ മതയാഥാസ്ഥിതിക സഖ്യം ; പലസ്തീനില്‍ ആശങ്ക

ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ–യാഥാസ്ഥിതിക പാർട്ടികളുടെ സഖ്യം ഇസ്രയേലില്‍ അധികാരമേറ്റതോടെ പലസ്തീനില്‍ ആശങ്ക വര്‍ധിച്ചു. വെസ്റ്റ്ബാങ്കില്‍ അനധികൃതമായി നിര്‍മ്മിച്ച സെറ്റില്‍മെന്റുകളും ഔട്ട്പോസ്റ്റുകളിലും കൂട്ടിച്ചേര്‍ക്കുമെന്ന പ്രഖ്യാപനവുമായാണ് ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്ന് തീവ്ര വലതു പാർട്ടികളും രണ്ട് കടുത്ത മതയാഥാസ്ഥിതിക പാർട്ടികളുമാണ് ഭരണസഖ്യത്തിലുള്ളത്. തീവ്രമായ വലതുപക്ഷ, വംശീയവിരോധമുള്ള, സ്വവർഗലൈംഗികതയെ വെറുക്കുന്ന, അധികാരം ദൈവദത്തമെന്ന് കരുതുന്നവരാണിവര്‍. അധികാരത്തിലേറുന്നതിന് മുമ്പുതന്നെ സഖ്യകക്ഷികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകൾ നടപ്പാക്കാനുള്ള ശ്രമവും നെതന്യാഹു തുടങ്ങിയിരുന്നു. അഴിമതി കേസ് നേരിടുന്ന നെതന്യാഹുവിന് ഈ കരാറുകള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.

തീവ്ര ഓര്‍ത്തഡോക്സ് മുഖ്യകക്ഷി അരിയേഷ് ദേരിയെ മന്ത്രി പദത്തിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ഇസ്രയേലിന്റെ സഖ്യരാജ്യമായ യുഎസും പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേല്‍ നീക്കങ്ങളില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇസ്രയേലില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. നാലു വർഷത്തിനുള്ളിൽ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യം 86 ശതമാനം വോട്ടുകൾ നേടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണം.

സഖ്യകക്ഷികൾ കടുത്ത ഉപാധികൾ മുന്നോട്ടു വച്ചതോടെയാണ് സർക്കാർ രൂപീകരണം വൈകിയത്. ഒടുവിൽ സഖ്യകക്ഷികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കുകയും നിയമനിർമാണവും നിയമഭേദഗതിയുമൊക്കെ നടപ്പാക്കിയുമാണ് സർക്കാർ അധികാരത്തിലെത്തിയത്. അഞ്ചു ലക്ഷത്തോളം ഇസ്രയേൽ പൗരന്മാർ വെസ്റ്റ് ബാങ്കിൽ നിർമിച്ചിട്ടുള്ള സെറ്റിൽമെന്റുകളിൽ ജീവിക്കുന്നുണ്ട്. പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമ്പോൾ തലസ്ഥാനമായി പലസ്തീനിയൻ അതോറിറ്റി കാണുന്നത് വെസ്റ്റ് ബാങ്കാണ്. 25 ലക്ഷത്തോളം പലസ്തീനികളാണ് ഇവിടെ ജീവിക്കുന്നത്.

Eng­lish Sum­ma­ry: Reli­gious Con­ser­v­a­tive Alliance in Israel
You may also like this video

Exit mobile version