Site iconSite icon Janayugom Online

വൈദികനെ വിചാരണ ചെയ്യാൻ മതക്കോടതി; താമരശേരി ബിഷപ്പിനെതിരെ വിമര്‍ശനം

bishopbishop

സീറോ മലബാർ സഭയിലെ വൈദികനെ വിചാരണ ചെയ്യാൻ താമരശേരി ബിഷപ്പ് രൂപീകരിച്ച മതക്കോടതിക്കെതിരെ വ്യാപകമായ വിമർശനം. പതിനേഴാം നൂറ്റാണ്ടിൽ കത്തോലിക്കാസഭ ഉപേക്ഷിക്കുകയും മാനവിക വിരുദ്ധമെന്ന് സഭ തന്നെ സമ്മതിക്കുകയും ചെയ്ത മതക്കോടതികൾ 21-ാം നൂറ്റാണ്ടിൽ കേരളം പോലുള്ളടത്ത് വീണ്ടും കൊണ്ടുവരുന്നതിനെതിരെ കത്തോലിക്കാ സഭയ്ക്കകത്തും പുറത്തും വലിയ വിമർശനങ്ങളാണുയരുന്നത്.
താമരശേരി രൂപതയിലെ വൈദികനായ ഫാ. അജി പുതിയാപറമ്പിലിനെതിരെയുള്ള സഭാ വിരുദ്ധ നടപടി ആരോപണം വിചാരണ ചെയ്ത് ശിക്ഷിക്കാനാണ് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിന്റെ ഉത്തരവ് പ്രകാരം സഭാകോടതി സ്ഥാപിച്ചത്. ഇത് ആധുനിക ക്രൈസ്തവ സഭകളിലൊന്നും കേട്ടുകേൾവിയില്ലാത്ത വിധത്തിൽ വൈദികനെ ശിക്ഷിക്കാൻ മതക്കോടതി സ്ഥാപിച്ച താമരശേരി രൂപതയുടെ നടപടി വിചിത്രമാണെന്നാണ് വൈദികർ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. 

കേരള കത്തോലിക്കാ സഭയിലും പ്രത്യേകിച്ച് സിറോ മലബാർ സഭയിലും അടുത്തകാലത്തുണ്ടായ ചില പ്രവണതകൾക്കെതിരെ കടുത്ത വിമർശനം ഫാ. അജി പുതിയാപ്പറമ്പിൽ നടത്തിയിരുന്നു. കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയിയാരുന്നു അദ്ദേഹം. സഭയ്ക്കുള്ളിലെ അധികാര വടംവലിയും കർദിനാൾ പോലും കോടതി കയറി ഇറങ്ങുന്നതും സഭയെ ബാധിച്ച ജീർണതയുടെ തെളിവാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു.
സെപ്റ്റംബർ 21നാണ് വൈദികനെ വിചാരണ നടത്താനുളള ‘ട്രിബ്യൂണൽ’ സ്ഥാപിക്കാനുള്ള ഉത്തരവ് ബിഷപ്പ് ഇഞ്ചനാനിയിൽ പുറത്തിറക്കിയത്. ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആന്റണി വരകിൽ എന്നിവരാണ് ജഡ്ജിമാർ. 

ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭാ സിനഡിന്റ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു, സ്ഥലം മാറ്റിയ ഇടവകയിൽ ചുമതലയേറ്റിട്ടില്ല തുടങ്ങിയവയാണ് വൈദികനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ. ഇതിനിടെ സഭയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളിലൂടെ നടത്തുന്ന നീക്കങ്ങൾ അപലപനീയമാണെന്ന് താമരശേരി രൂപത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Reli­gious Court; Crit­i­cism against the Bish­op of Thamarassery

You may also like this video

Exit mobile version