Site iconSite icon Janayugom Online

ഹോട്ടലിനെതിരെ മതവിദ്വേഷം: ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്

ആനന്ദ് നഗരത്തിലെ ഒരു ഹോട്ടൽ ഉദ്ഘാടനത്തിനെതിരായ പ്രതിഷേധത്തിനിടെ മുസ്ലീങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ ഡോക്ടർ ഉൾപ്പെടെ രണ്ടു ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ (സെക്ഷൻ 295 എ), പ്രേരണാ കുറ്റം (സെക്ഷൻ 114) എന്നിവ പ്രകാരം അർബുദ ചികിത്സകൻ ശൈലേഷ് ഷാ, ഹിന്ദുത്വ പ്രവർത്തകൻ പിങ്കൽ ഭാട്ടിയ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൂടുതൽ തെളിവുകളും രേഖകളും ശേഖരിക്കുകയും ഉൾപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവരികയാണെന്ന് ആനന്ദ് ടൗൺ പൊലീസ് ഇൻസ്പെക്ടർ യശ്വന്ത് ചൗഹാൻ പറഞ്ഞു. 

ഒക്ടോബർ 24 നാണ് ബ്ലൂ ഐവി ഹോട്ടലിന്റെ ഉദ്ഘാടനത്തിനെതിരെ ഒരു കൂട്ടം ആളുകൾ എതിർപ്പുമായി രംഗത്തു വന്നത്. ഒരു ഹിന്ദുവിന്റെയും രണ്ട് മുസ്ലീം വ്യവസായികളുടെയും ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. ഹോട്ടലിനെതിരെയുള്ള പ്രതിഷേധ സംഘം റോഡ് ശുദ്ധീകരിക്കാൻ ഗംഗാജലം റോഡിൽ ഒഴിക്കുന്ന വിഡിയോയും പുറത്തുവന്നു. “ഭാരത് മാതാ കീ ജയ്” എന്ന മുദ്രാവാക്യം മുഴക്കിയ സംഘം ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും “ജയ് ശ്രീറാം” എന്ന് വിളിക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ടായിരുന്നു. 

എന്നാൽ ഹോട്ടലിന്റെ അനധികൃത നിർമാണത്തിനെതിരെയായിരുന്നു ഞങ്ങളുടെ പ്രതിഷേധമെന്നും പ്രതിഷേധത്തിനിടയിൽ ചിലർ ആക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞുവെന്നുമാണ് ശൈലേഷ് ഷാ പറയുന്നത്. ഹോട്ടലിൽ അനധികൃത നിർമാണം നടത്തിയെന്നാരോപിച്ചുള്ള തർക്കം ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

Eng­lish Sum­ma­ry : reli­gious hatred against hotel in anand city

You may also like this video :

Exit mobile version