Site iconSite icon Janayugom Online

കാണാതായ പതിനാറുകാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ വനത്തിനുള്ളില്‍; തല കണ്ടെത്തിയത് മരത്തില്‍ തൂങ്ങിയ നിലയില്‍

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ കാണാതായ പതിനാറുകാരന്റെ തല വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ചോപ്പൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോട്ട ഗ്രാമപഞ്ചായത്തിലെ പട്ഗഡി ടോള വനത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. ജവാരി ദണ്ഡ് കോട്ട സ്വദേശിയായ രാംവിലാസിന്റെ മകൻ മംഗൾ പ്രസാദ് (16) ആണ് മരിച്ചത്.

വാരണാസി-ശക്തിനഗർ സംസ്ഥാന പാതയിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉള്ളിലായി വനത്തിനുള്ളിൽ ഒരു തെന്ദു മരത്തിൽ ബെൽറ്റിൽ തൂങ്ങിയ നിലയിലാണ് തല കണ്ടെത്തിയത്. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. തല കണ്ടെത്തിയ ഇടത്തുനിന്നും അല്പം അകലെയായി ചില വസ്ത്രങ്ങളും അസ്ഥികളും പൊലീസ് കണ്ടെത്തി. ജനുവരി 19ന് വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ മംഗൾ പ്രസാദിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും വസ്ത്രങ്ങളിൽ നിന്നുമാണ് മരിച്ചത് മംഗൾ പ്രസാദാണെന്ന് സഹോദരൻ രവി തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് ഏകദേശം 20–25 ദിവസത്തെ പഴക്കമുണ്ടെന്ന് ചോപ്പൻ എസ് എച്ച് ഒ അഖിലേഷ് കുമാർ മിശ്ര പറഞ്ഞു. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃഗങ്ങൾ മൃതദേഹം ഭക്ഷിച്ചതാണോ അതോ കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകാൻ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.

Exit mobile version