Site iconSite icon Janayugom Online

കേരളത്തിലെ വലിയ ഉയരക്കാരന്‍ ഓർമ്മയായി

കേരളത്തിലെ ഏറ്റവും ഉയരമുള്ളയാൾ എന്ന പദവി അലങ്കരിച്ച പാവറട്ടി പുതുമനശ്ശേരി പണിക്കവീട്ടിൽ കമറുദ്ദീൻ (61) ഓർമ്മയായി. ഏഴടി ഒരിഞ്ചാണ് ഇദ്ദേഹത്തിന്റെ ഉയരം. കമറുദീന്റെ ഈ ഉയരം ജീവിതത്തിൽ നേട്ടങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമായിട്ടുണ്ട്. തൊഴിൽ തേടി ആരോടും പറയാതെ 1986 ൽ മദ്രാസിലേക്ക് വണ്ടി കയറുമ്പോൾ ഒരിക്കലും കമറുദീൻ പ്രതീക്ഷിച്ചിരുന്നില്ല ഇന്ത്യൻ സിനിമയുടെ മായാലോകത്തേക്ക് വളരുമെന്ന്. ട്രോളിവുഡിലെ അഭിമാനതാരങ്ങളായ കമലഹാസൻ, രജനീകാന്ത് എന്നിവരോടൊപ്പം ‘ഉയിർന്ത ഉള്ളം’, ‘പണക്കാരൻ’ എന്നീ സിനിമകളിൽ അഭിനയിച്ച കമറുദ്ദീൻ മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലായി 25 ഓളം സിനിമകളിൽ വേഷമിട്ടു. പ്രശസ്ത നടി റോജയോടൊപ്പം കന്നട സിനിമയിൽ മുഴുനീളം റോബോട്ട് ആയും അഭിനയിച്ചു. ‘അത്ഭുത ദീപ്’ എന്ന വിനയൻ ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 

ഉയരത്തിൽ ഒന്നാമനാണെന്നതിൽ അഭിമാനിക്കുമ്പോഴും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും പേറിയാണ് കമറുവിന്റെ ജീവിതം മുന്നോട്ട് നീങ്ങിയിരുന്നത്. ശീതളപാനീയങ്ങൾ വിറ്റും ലോട്ടറി കച്ചവടം നടത്തിയും സെക്യൂരിറ്റി ജോലി ചെയ്തുമാണ് ജീവിതം മുന്നോട്ട് പോയിരുന്നത്. ഏഴടി ഒരിഞ്ച് ഉയരമുള്ള കമറുദ്ദീൻ ഉയരക്കൂടുതൽ മൂലം ബസിൽ യാത്ര ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്ത കമറുദ്ദീൻ പ്രത്യകം തുന്നിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ചെരുപ്പ് പോലും അളവിന് വാങ്ങാൻ കഴിയാത്ത അവസ്ഥ വേദനാജനകമായിരുന്നു. കമറുദ്ദീൻ‑ലൈല ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. മക്കൾക്ക് രോഗത്തെ തുടര്‍ന്ന് കൂടുതല്‍സമയം നിൽക്കാൻ സാധിക്കില്ല. നാട്ടുകാരുടെയും ടോൾ മെൻ അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും സഹായം കൊണ്ടാണ് ജീവിതം മുന്നോട്ട് പോയിരുന്നത്.

Exit mobile version