വയലിൻ മാന്ത്രികൻ ബാലഭാസ്കർ ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം. ചെറുപ്രായത്തിൽ തന്നെ സംഗീത രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ അതുല്യ കലാകാരനാണ് അകാലത്തിൽ നമ്മെ വിട്ടുപോയത്. തന്റെ വയലിനിൽ മാന്ത്രികമായ ആ വിരലുകളോടിച്ച് ഹൃദയസ്പർശിയായ സംഗീതം സൃഷ്ടിച്ചിരുന്ന ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം സംഗീത ലോകത്തിന് തന്നെ തീരാനഷ്ടമാണ്.
വയലിൻ വാദനം കൂടാതെ മലയാളത്തിൽ ഒരു കാലത്ത് വളരെയേറെ പ്രചാരമുണ്ടായിരുന്ന ഒരുപിടി നല്ല ആൽബം ഗാനങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രണയഗാനങ്ങൾ അടങ്ങിയ ‘നിനക്കായ്’ എന്ന ആൽബം സൂപ്പർ ഹിറ്റായി അന്നത്തെ യുവത്വം നെഞ്ചിലേറ്റിയതാണ്. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച നിനക്കായ് എന്ന ആൽബത്തിനു വേണ്ടി സംഗീത സംവിധാനം ചെയ്യുമ്പോൾ ബാലഭാസ്കറിന് പ്രായം 20 വയസ്. നിക്കായ് തോഴീ പുനർജ്ജനിക്കാം എന്ന ആ ഗാനം ഇറങ്ങിയ അതേ വർഷം തന്നെ ഇറങ്ങിയ മംഗല്ല്യപല്ലക്ക് എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും അദ്ദേഹം ഈണമിട്ടു.
തുടർന്ന് 2000ൽ കണ്ണാടിക്കടവത്തിനുവേണ്ടി കൈതപ്രത്തിന്റെ വരികൾക്കും 2004ൽ പാഞ്ചജന്യത്തിനുവേണ്ടി സംവിധായകൻ പ്രസാദിന്റെ വരികൾക്കും 2005ൽ മോക്ഷത്തിനുവേണ്ടി കാവാലം നാരായണപ്പണിക്കരുടെ വരികൾക്കും ഈണം പകർന്നു. യേശുദാസ്, ജയചന്ദ്രൻ, ശ്രീകുമാർ, വേണുഗോപാൽ, ജയൻ (ജയവിജയ), ചിത്ര, മഞ്ജരി, ജ്യോത്സ്ന, രാധികാ തിലക് തുടങ്ങിയ ഗായകരെല്ലാം ബാലഭാസ്കറിന്റെ ഈണത്തിന് ശബ്ദമേകി. പാഞ്ചജന്യത്തിൽ ഒരു ഗാനവും ആലപിച്ചു. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകൾക്കും 15ലേറെ ആൽബങ്ങളിൽനിന്ന് ഇരുനൂറിലേറെ ഗാനങ്ങൾക്കും സംഗീതമേകി. തുടർന്ന് 2004ൽ പാഞ്ചജന്യം, 2005ൽ ഹാർട്ട് ബീറ്റ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ഈണം പകർന്നു.
വളരെ ചെറു പ്രായത്തിൽ തന്നെ സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന കുഞ്ഞു ബാലഭാസ്കറിന്റെ ആദ്യ ഗുരു അമ്മാവനും സംഗീതജ്ഞനുമായ ശശികുമാർ ആയിരുന്നു. പിന്നീട് നിരവധി ഗുരുക്കന്മാരുടെ കീഴിൽ സംഗീത പഠനം തുടർന്നു. കോളേജ് പഠന കാലയളവിൽ മാർ ഇവാനിയോസിൽ പഠിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹം സംഗീത അഭിരുചിയുള്ള തന്റെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് കൺഫ്യൂഷൻ എന്ന ബാൻഡ് രൂപീകരിക്കുന്നത്. കർണാട്ടിക് സംഗീതത്തിൽ ഫ്യൂഷൻ ഗാനങ്ങൾ അവതരിപ്പിച്ച ബാലഭാസ്കറും സംഘവും ക്യാംപസിനെ പിടിച്ചു കുലുക്കി. 2014 ൽ പുറത്തിറങ്ങിയ ബാലഭാസ്കറിന്റെ ‘ലെറ്റ് ഇറ്റ് ബി’ എന്ന ആൽബം ഫ്യൂഷൻ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് ആസ്വാദകരെ കൊണ്ടെത്തിച്ചു.
തന്റെ സംഗീതത്തിലൂടെ ആസ്വാദകരുടെ മനം നിറച്ച ബാലഭാസ്കറിന്റെ മരണവും അതിനെ തുടർന്നുള്ള ദുരൂഹതകളും മലയാളക്കരയെ ആകെ ദുംഖത്തിലാഴ്ത്തി. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനും വയലിൻ മാസ്ട്രോയു കൂടിയായ ആദ്ദേഹത്തിന്റെ തന്ത്രികളുടെ നാദം നിലച്ചിട്ടില്ല. അദ്ദേഹം ജീവിക്കുകയാണ്. . താൻ സൃഷ്ടിച്ച അപൂർവരാഗങ്ങളുടെ മായാലോകത്ത്.
English Summary : remembering balabhaskar the violin maestro
You may also like this video :