Site iconSite icon Janayugom Online

ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ജന്മദിനം; ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

അന്തരിച്ച നടി ശ്രീദേവിക്ക് ഞായറാഴ്ച അറുപതാം ജന്മദിനം. ഇതോടനുബന്ധിച്ച് ഇന്ത്യയുടെ പ്രിയനായികയ്ക്ക് ഡൂഡിലൊരുക്കി ആദരമർപ്പിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ. രാജ്യത്തെ ഒന്നാംനിര നായികയിലേക്കുള്ള ശ്രീദേവിയുടെ യാത്രയാണ് ഡൂഡിൽ പ്രതിനിധീകരിക്കുന്നത്. അഞ്ചുവർഷം മുമ്പായിരുന്നു ശ്രീദേവി മരണത്തിന് കീഴടങ്ങിയത്. ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന താരമായിരുന്നു ശ്രീദേവി. ബാലതാരമായാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. നാലാം വയസ്സിൽ ‘തുണൈവൻ’ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980 കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവർ അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രിയടക്കം ഏകദേശം 26-ഓളം മലയാളസിനിമകളിൽ അവർ വേഷമിട്ടിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമകളുടെ തിരക്കിൽ നിൽക്കവേ തന്നെ ബോളിവുഡിലേക്ക് ചേക്കേറിയ ശ്രീദേവി പതുക്കെ അവിടത്തെ താരറാണിയാകുകയായിരുന്നു. 1983‑ൽ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലും തിരക്കേറി. അധികം വൈകാതെ സൂപ്പർസ്റ്റാർ പദവിയും ശ്രീദേവിയെ തേടിയെത്തി. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ മറ്റൊരു വലിയവിവാദം ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. വിവാദങ്ങൾക്കൊടുവിൽ 1996 ലാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തത്.

2013‑ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിംഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യൻസിനിമയിൽ ജ്വലിച്ചുനിന്നിരുന്ന നടിയുടെ വിയോഗം ആരാധകരെയും സിനിമാമേഖലയെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടൽമുറിയിലെ ബാത്ടബ്ബിൽ 2018 ഫെബ്രുവരി 24‑ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Eng­lish sum­ma­ry; Remem­brance Day of Indi­an Cin­e­ma’s First Lady Super­star; Google Doo­dle in hon­or of…
you may also like this video;

Exit mobile version