Site icon Janayugom Online

വിദൂരത്ത് ഇരുന്നു വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം : ചില ആശങ്കകള്‍

election

ന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി ഐ) സാങ്കേതിക വിദ്യയെ കൂടുതലായി ആശ്രയിച്ചുകൊണ്ട് വോട്ടെടുപ്പിലെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ്. കുടിയേറ്റ വോട്ടർമാർക്ക് സ്വന്തം നാട്ടിലെത്താതെ വോട്ടു ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനം വികസിപ്പിച്ചുവെന്ന് അറിയിച്ചുകൊണ്ട് കമ്മിഷന്‍ ഡിസംബർ 29 ന് പത്രക്കുറിപ്പ് പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്റെ പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കുന്നതിന് രാജ്യത്തെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് അവസരമൊരുക്കുന്നത് സംബന്ധിച്ചായിരുന്നു പ്രസ്തുത സർക്കുലർ. വിവിധ മണ്ഡലങ്ങളിലുള്ള വോട്ടുകൾ ഒരേസമയം രേഖപ്പെടുത്തുന്നതിനുള്ള മാതൃകാ യന്ത്രം (മള്‍ട്ടി — കോണ്‍സ്റ്റിറ്റ്യുന്‍സി റിമോട്ട് വോട്ടിങ് മെഷീന്‍— ആര്‍വിഎം) വികസിപ്പിച്ചുവെന്നാണ് സർക്കുലറിൽ വിശദീകരിച്ചിരുന്നത്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ചുമക്ക് ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെ ശ്രദ്ധയിൽപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നമാണ് ഇത്തരമൊരു സംവിധാനം രൂപപ്പെടുത്തേണ്ട ആവശ്യകതയിലേക്ക് നയിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വിദൂര സ്ഥലങ്ങളിലേക്ക് തൊഴിൽതേടിപ്പോയ കുടിയേറ്റ തൊഴിലാളികൾക്ക് അവിടെ ഇരുന്നുകൊണ്ട് തങ്ങളുടെ സ്വന്തം പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് തീരുമാനിച്ചതും അതിനുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതും ഇതേ തുടർന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ, കമ്മിഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവരുടെ നിർദേശത്തിന്റെ ഫലമായി ഇത്തരത്തിൽ വോട്ട് ചെയ്യാവുന്ന യന്ത്രം വികസിപ്പിച്ചെടുത്തതെന്നും അതിന്റെ പ്രവർത്തന മാതൃക വിശദീകരിക്കുന്നതിനും റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ അഥവാ ആർവിഎമ്മിന്റെ പ്രവർത്തനം പ്രദർശിപ്പിച്ച് കാട്ടുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് അവസരം നൽകുന്നതിന് ഈ മാസം 16ന് അവസരമൊരുക്കുന്നതായി കുറിപ്പിൽ വ്യക്തമാക്കുന്നു. യന്ത്രങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ചതിനുശേഷം ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ അഭിപ്രായങ്ങൾ ഈ മാസം 31നകം നൽകുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ അംഗീകാരമുള്ള എട്ട് ദേശീയ പാർട്ടികൾക്കും 57 സംസ്ഥാന പാർട്ടികൾക്കുമാണ് 16 നുള്ള മാതൃക പ്രദർശനയോഗത്തിൽ പങ്കെടുക്കുന്നതിന് അറിയിപ്പ് നൽകിയിട്ടുള്ളതെന്നും കുറിപ്പിലുണ്ട്. ഒരേസമയം 72 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ വരെ സംവിധാനമുള്ളതാണ് വികസിപ്പിച്ചെടുത്ത വോട്ടിങ് യന്ത്രം.


ഇതുകൂടി വായിക്കൂ: വീണ്ടെടുക്കേണ്ടത് തെരഞ്ഞെടുപ്പിലെ വിശ്വാസ്യത


2019 ലെ പൊതു തെരഞ്ഞെടുപ്പിൽ 67.4 ശതമാനം പേരാണ് വോട്ട് ചെയ്തതെന്നും 30 കോടിയോളം പേർ അവരുടെ വോട്ടവകാശം വിനിയോഗിക്കാതെയുണ്ടെന്നും സംസ്ഥാന — കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് സ്ഥിതി എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കുറിപ്പിൽ വിശദീകരിക്കുന്നു. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നും കുടിയേറ്റ തൊഴിലാളികൾ വോട്ട് ചെയ്യുന്നതിന് പട്ടികയിൽ പേരുള്ള സ്ഥലത്ത് എത്തിച്ചേരണമെന്ന നിബന്ധനയാണ്. അതുകൊണ്ടുതന്നെ വിദൂര ദേശങ്ങളിൽ ഇരുന്നു വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു മാതൃകാ വോട്ടിങ് യന്ത്രത്തിന്റെ മാതൃക രൂപപ്പെടുത്തിയിരിക്കുന്നത് എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചിരിക്കുന്നത്. രാഷ്ട്രീയപാർട്ടികൾക്കു മുമ്പിൽ ഈ വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനപ്രദർശനം നടക്കാനിരിക്കുന്നതേയുള്ളൂ. അതുകഴിഞ്ഞ് ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ അറിയിക്കുന്നതിന് ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുമുണ്ട്.
എങ്കിലും ഈ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ, വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത എന്നിവ സംബന്ധിച്ച പുതിയ ചർച്ചകൾ ഉടലെടുത്തിരിക്കുകയാണ്. കൂടാതെ ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ മാസം 23 മുതൽ 26 വരെ അന്താരാഷ്ട്രതലത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ തിരക്കിലാണിപ്പോൾ. തെരഞ്ഞെടുപ്പുകളിൽ സാങ്കേതികതയുടെ ഉപയോഗത്തിനുള്ള മുൻകൈ എന്ന പേരിലുള്ള സമ്മേളനത്തിന്റെ സന്ദേശം സാങ്കേതിക സംയോജനത്തിലൂടെ വോട്ടെടുപ്പ് പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ്. ഇതുസംബന്ധിച്ച് എഴുതിയ ഒരു ലേഖനത്തിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തെരഞ്ഞെടുപ്പ് പൗരത്വ സമിതിയുടെ സംയോജകനുമായ എം ജി ദേവസഹായം നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ജനാധിപത്യത്തെക്കാൾ സാങ്കേതിക വിദ്യക്ക് പ്രാമുഖ്യം നല്കുന്നതിലാണ് തല്പരർ എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.


ഇതുകൂടി വായിക്കൂ: മുട്ടിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ


സാങ്കേതികമായ മികവിനപ്പുറം സുതാര്യത, സത്യസന്ധത, വിശ്വാസ്യത എന്നിവയ്ക്കാണ് ഇന്ത്യൻ ജനാധിപത്യപ്രക്രിയയിൽ പ്രാമുഖ്യമുണ്ടാകേണ്ടത്. ഡിജിറ്റൽ സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും എത്രയോ തവണ സംശയാസ്പദമായതാണ്. ആ സംശയങ്ങൾ ഇതുവരെ സത്യസന്ധമായി ദൂരീകരിക്കപ്പെട്ടിട്ടുമില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ പോലും ചെയ്യുന്ന വോട്ടുകളിൽ ചിലത് ഉദ്ദേശിച്ച ചിഹ്നത്തിലല്ലാതെ പതിഞ്ഞ അപൂർവമാണെങ്കിലും ഉദാഹരണങ്ങൾ ഉണ്ടായിരുന്നു.
കഴിഞ്ഞവർഷം മേയ് 22ന് 112 സാങ്കേതിക വിദഗ്ധരും അക്കാദമിക പ്രമുഖരും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും ചേർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ നിവേദനത്തിൽ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച നിരവധി ഉത് ക്കണ്ഠകൾ ഉന്നയിക്കുകയുണ്ടായി. വിശ്വാസ്യത സംബന്ധിച്ച് 11 വിഷയങ്ങളാണ് പ്രസ്തുത നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനുനേരെയുള്ള ബട്ടൺ അമർത്തിയാണ് വോട്ടുചെയ്യുന്നതെങ്കിലും താൻ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് പതിഞ്ഞത് എന്ന് ബോധ്യപ്പെടുന്നതിന് പ്രത്യേക സംവിധാനം ഇല്ല. അതുപോലെതന്നെ കൃത്രിമം നടക്കുന്നില്ല, വ്യാജമായി വോട്ടുകൾ ചെയ്യപ്പെടുന്നില്ല എന്നിവ ഉറപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും നിലവിലില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ എന്നിവയുടെ സജ്ജീകരണങ്ങൾ പൊതുവായ പരിശോധനയ്ക്കും സ്വതന്ത്രമായ വിശകലനത്തിനും ഇട നൽകാത്ത വിധത്തിൽ ഉള്ളതുമാണ്. വോട്ട് ചെയ്യുന്ന യഥാർത്ഥ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിൽതന്നെയാണോ അത് പതിയുന്നതെന്ന് മനസിലാക്കുന്നതിനും പിന്നീട് പരിശോധിക്കാവുന്നതിനും വേണ്ടി ഏർപ്പെടുത്തിയ വിവിപാറ്റ് മുഴുവനായും എണ്ണുന്നില്ലെന്നതും പോരായ്മയാണ്. വിവിപാറ്റ് എന്ന ഘടകം ബട്ടൺ അമർത്തുന്ന ബാലറ്റ് യന്ത്രത്തിന്റെ ഭാഗമായല്ല സ്ഥിതി ചെയ്യുന്നത്. ബട്ടൺ അമർത്തുമ്പോൾ ശ്രദ്ധിച്ച് നോക്കുന്നില്ലെങ്കിൽ ഏതു ചിഹ്നത്തിനാണ് വോട്ടു പതിഞ്ഞതെന്ന് മനസിലാക്കുവാൻ പോലും സാധിക്കുകയില്ല. ഇത്തരം നിരവധി പ്രശ്നങ്ങളാണ് പ്രസ്തുത നിവേദനത്തിൽ ഉന്നയിക്കപ്പെട്ടിരുന്നത്.
എന്നു മാത്രമല്ല വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുക എന്നുള്ളത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. ഇപ്പോൾ നിർദേശിച്ചതനുസരിച്ച്, വിദൂര ദേശത്തുള്ളവർ എവിടെയാണോ ഉള്ളത് അവിടെവച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിനുവേണ്ടി ഒരു ഇലക്ട്രോണിക് യന്ത്രത്തിൽ പല മണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്താം എന്ന സ്ഥിതി വരുമ്പോൾ ഈ രഹസ്യ സ്വഭാവം നഷ്ടപ്പെടില്ലേ എന്ന സംശയം പ്രസക്തമാണ്. കൂടാതെ ഓരോ മണ്ഡലത്തിലെയും ഓരോ ബൂത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നടത്തിപ്പ് — യഥാർത്ഥ വോട്ടറാണോ അവകാശം വിനിയോഗിക്കുന്നത്, പട്ടിക ക്രമപ്രകാരമാണോ, ഇരട്ടവോട്ടുകളുണ്ടോ, വോട്ടെടുപ്പ് പ്രക്രിയ നിഷ്പക്ഷവും സുതാര്യവുമാണോ എന്നിങ്ങനെ — നിരീക്ഷിക്കാം എന്ന സംവിധാനം നിലവിലുണ്ട്. വിദൂരദേശത്തിൽ ഇരുന്നു വോട്ട് ചെയ്യുമ്പോൾ ഈ സംവിധാനം പ്രായോഗികമാവുക എങ്ങനെയെന്ന സംശയവും അസ്ഥാനത്തല്ല. ഒരു മണ്ഡലത്തിൽ ഉള്ള വോട്ടർമാർ രാജ്യത്തിന്റെ പല പ്രദേശങ്ങളിൽ താമസിക്കുന്നവർ ആകുമ്പോൾ അതാതിടങ്ങളിലാണ് അവർ വോട്ടവകാശം വിനിയോഗിക്കേണ്ടി വരിക.


ഇതുകൂടി വായിക്കൂ: ജനാധിപത്യത്തിന്റെ മരണമണിമുഴക്കം


അങ്ങനെയുള്ള സാഹചര്യത്തിൽ വോട്ടുകളുടെ എണ്ണൽപ്രക്രിയ എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ചും വ്യക്തത ഉണ്ടാക്കേണ്ടതുണ്ട്. ഇത്തരം നിരവധി ആശങ്കകൾ ഉന്നയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ പ്രക്രിയയുമായി മുന്നോട്ടുപോകുന്നത്. രാജ്യത്ത് നിലവിലുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തന്നെ സുതാര്യവും സത്യസന്ധവും അല്ലെന്നും ക്രമക്കേടുകൾക്ക് ഒട്ടേറെ സാധ്യതകൾ ഉള്ളതാണെന്നും വളരെ ശക്തമായ ആക്ഷേപങ്ങൾ സാങ്കേതിക വിദഗ്ധരിൽ നിന്നും പോലും ഉയർന്നുനിൽക്കുമ്പോൾ ആണ് പുതിയ പരീക്ഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നിട്ടിറങ്ങുന്നത്.
പുതിയ യന്ത്രത്തിന്റെ പരീക്ഷണപ്രദർശനം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് യാതൊരു മാർഗങ്ങളും സ്വീകരിച്ചിട്ടില്ല എന്ന വസ്തുത നിലനിൽക്കുന്നതുകൊണ്ട് ഉടൻ തന്നെ ഇതും നടപ്പിലാക്കപ്പെടും എന്നാണ് കരുതേണ്ടത്. പ്രത്യേകിച്ച് ബിജെപിയാണ് അധികാരത്തിലിരിക്കുന്നത് എന്നുള്ളതുകൊണ്ടും ക്രമക്കേട് സാധ്യത വർധിപ്പിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ വളരെയേറെ കരുതലോടെയും ജാഗ്രതയോടെയും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നില്ലെങ്കിൽ പിഴച്ചു പോകാനും ദുരുപയോഗ സാധ്യതയുള്ളതുമാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന വിദൂരത്തിരുന്ന് വോട്ട് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം.

Exit mobile version