26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 22, 2024
July 18, 2024
July 18, 2024
July 17, 2024
July 16, 2024
July 12, 2024
July 5, 2024
July 4, 2024

മുട്ടിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ

പ്രത്യേക ലേഖകന്‍
December 3, 2022 4:50 am

ഒരാഴ്ച മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ പ്രവർത്തന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാനമായ വിമർശനങ്ങളുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ഏറാൻമൂളികളാകരുതെന്ന കടുത്ത പ്രയോഗം പോലും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും കേന്ദ്ര സർക്കാരിന്റെ വാചകമടി മാത്രമാണെന്ന്, എട്ട് വർഷത്തിനിടെയുള്ള കമ്മിഷണർമാരുടെ കാലാവധി സൂചിപ്പിച്ചുകൊണ്ട് ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെടുകയുണ്ടായി. എട്ടുവർഷമെന്നത് ബിജെപി ഭരണകാലയളവാണെന്ന് പ്രത്യേകം ഓർക്കണം. കമ്മിഷണർമാരുടെ നിയമനത്തിന് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിന് അവലംബിക്കുന്ന കൊളീജിയം മാതൃകയിലുള്ള സംവിധാനം വേണമെന്നുൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു പരമോന്നത കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങൾ. ഹർജി പരിഗണിക്കുന്ന തീയതി നിശ്ചയിച്ചുകഴിഞ്ഞ ശേഷം ധൃതിപിടിച്ച് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗമായി നിയമിച്ചതും വിമർശനപരമായി ബെഞ്ച് പരിശോധിക്കുകയുണ്ടായി. അനാവശ്യവും അസാധാരണവുമായ ധൃതിയാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മണിക്കൂറുകൾക്കകമാണ് കമ്മിഷണറായി നിയമിക്കേണ്ടവരുടെ പട്ടിക തയാറാക്കുന്നത്. അതിൽ നിന്ന് നാലുപേരെ വളരെ പെട്ടെന്ന് കണ്ടെത്തുന്നു. ആ നാലുപേരിൽ നിന്ന് എ ഗോയലെന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് അതേദിവസം തന്നെ രാഷ്ട്രപതിക്ക് ശുപാർശ പോകുന്നു. നിയമനവും നടക്കുന്നു. റോക്കറ്റ്‌വേഗത്തിലെന്ന പ്രയോഗം കോടതിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നു മാത്രമേയുള്ളൂ. അതേസമയം ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം ശുപാർശകൾ വച്ചുതാമസിപ്പിക്കുന്നത് പതിവാകുകയും ചെയ്യുന്നു.

ജഡ്ജിമാരുടെ നിയമനത്തിൽ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുന്ന നടപടി ഒഴിവാക്കിയില്ലെങ്കിൽ ഇടപെടേണ്ടിവരുമെന്ന് മറ്റൊരു ബെഞ്ച് സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പത്ത് ജഡ്ജിമാരുടെ പട്ടികയിൽ നിന്നും മൂന്നുപേരുടെ മാത്രം നിയമനത്തിനാണ് നിയമ മന്ത്രാലയം അംഗീകാരം നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിൽ അതിവേഗതയും ജഡ്ജിമാരുടെ നിയമനത്തിൽ മെല്ലെപ്പോക്കുമെന്ന ഇരട്ടത്താപ്പാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്.ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ലോകത്തെ ഏറ്റവും ശക്തവും വിപുലവുമായ ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധി സഭകളുടെ തെര‍ഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്തുന്നതിനുള്ള ഭരണഘടനാ സംവിധാനമാണ്. പക്ഷേ ആ സംവിധാനത്തിലും പാകപ്പിഴവുകളും പക്ഷപാതിത്വവും പതിവാകുന്നുവെന്ന ആക്ഷേപം വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഭരണഘടനാ ബെഞ്ചിന്റെ വിലയിരുത്തലുകൾ പരമപ്രധാനമാണ്. എന്നാൽ അതുകൊണ്ടൊന്നും നേരെയാകാൻ ഉദ്ദേശ്യമില്ലെന്നാണ് അതിനുശേഷം നടന്ന രണ്ട് പെരുമാറ്റച്ചട്ടലംഘനങ്ങളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അവലംബിക്കുന്ന മഹാമൗനത്തിൽ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവർക്കെതിരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമെന്ന ആരോപണമുയർന്നത്. അമിത് ഷായ്ക്കെതിരെ പരാതിയായി രണ്ട് കത്തുകൾ തെര‍ഞ്ഞെടുപ്പ് കമ്മിഷന് കിട്ടുകയുംചെയ്തു. എന്നാൽ ഇതുവരെ അതുസംബന്ധിച്ച് എന്തെങ്കിലും പ്രതികരണം കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 2002ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ചുകൊണ്ട് ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കുന്നതും വർഗീയമായി വോട്ടു ചോദിക്കുന്നതിന് തുല്യവുമായ പ്രസ്താവനയാണ് അമിത് ഷായുടെ ഭാഗത്തുനിന്നുണ്ടായത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഖേദ ജില്ലയിൽ മഹുധയിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു അമിത് ഷായുടെ പ്രസംഗം. ഗുജറാത്ത് കലാപം സംസ്ഥാനത്ത് ശാശ്വത സമാധാനമുണ്ടാക്കിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. കലാപാനന്തര ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. രണ്ടായിരത്തോളം പേരാണ് 2002ലെ വർഗീയ കലാപത്തിൽ മരിച്ചത്. അവരിൽ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും സത്യസന്ധതയും


അതുകഴിഞ്ഞ് മൂന്നു ദിവസങ്ങൾക്കുശേഷമാണ് തെരഞ്ഞെടുപ്പ് പൊതുയോഗ വേദിയിൽ ആദിത്യനാഥിന്റെ വർഗീയ പരാമർശങ്ങളുണ്ടായത്. ഉത്തർപ്രദേശിലെ കടൗലി ഉപതെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു 2013ലെ മുസഫർനഗർ കലാപത്തെ ന്യായീകരിച്ചും കോടതി ശിക്ഷിച്ച പ്രതിയായ ബിജെപി മുൻ എംഎൽഎയെ സ്തുതിച്ചുമുള്ള ആദിത്യനാഥിന്റെ പ്രസംഗമുണ്ടായത്. ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ബിജെപി എംഎൽഎ വിക്രം സെയ്നി അയോഗ്യനാക്കപ്പെട്ടതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2013ൽ മുസഫർനഗറിൽ നടന്ന കലാപത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 62 പേർ മരിച്ചു. ഇതിൽ 42 പേരും മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇവിടെയും പ്രസ്തുത കലാപം മുസഫർനഗറിന്റെ അന്തസും ആത്മാഭിമാനവും ഉയർത്തിയെന്നും വിക്രം സെയ്നി അതിനുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും കലാപക്കേസ് കെട്ടിച്ചമച്ചതായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ദേശീയ മാധ്യമങ്ങളെല്ലാം അമിത് ഷായുടെയും ആദിത്യനാഥിന്റെയും പ്രസംഗങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിഞ്ഞ മട്ടില്ല. തങ്ങൾക്ക് ലഭിച്ച രണ്ടു കത്തുകൾ അവർക്ക് പരാതിയായി സ്വീകരിക്കാവുന്നതും അന്വേഷണം നടത്തുകയെങ്കിലും ചെയ്യാമായിരുന്നു. അതിനും സന്നദ്ധമായില്ല. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഇ എ എസ് ശർമയാണ് കത്തയച്ചതിൽ ഒരാൾ. അക്കാദമിക് വിദഗ്ധൻ ജഗ്ദീപ് ചോക്കറും തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് കത്ത് നല്കി. രണ്ടു കത്തുകളിലും പെരുമാറ്റച്ചട്ടം, ഭരണഘടന, ശിക്ഷാനിയമം എന്നിവയുടെ ലംഘനമായി ചൂണ്ടിക്കാട്ടുന്നതിനാധാരമായ വകുപ്പുകൾ, ഉപവകുപ്പുകൾ എന്നിവ പരാമർശിച്ചിരുന്നു. ‍ഇന്ത്യൻ ശിക്ഷാ നിയമത്തി(ഐപിസി) ലെ 153 എ, 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരം അമിത് ഷായ്ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നായിരുന്നു കത്തുകളിൽ ആവശ്യപ്പെട്ടത്. ഇ എ എസ് ശർമ കേന്ദ്രസർക്കാരിൽ വിവിധ വകുപ്പുകളുടെ സെക്രട്ടറിയായിരുന്ന വ്യക്തി കൂടിയായിരുന്നു.

കുറ്റകൃത്യത്തെ ന്യായീകരിക്കുക, അധികാരത്തിലിരുന്നുകൊണ്ട് കുറ്റവാളികൾ നിയമം കയ്യിലെടുത്തുവെന്ന് സമ്മതിക്കുക, മതം, സമുദായം മുതലായവയുടെ അടിസ്ഥാനത്തിൽ ശത്രുത വളർത്തുകയെന്ന ശിക്ഷാർഹമായ കുറ്റകൃത്യം തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വർഗീയമായി വോട്ടു ചോദിക്കുകയെന്ന ജനപ്രാതിനിധ്യ നിയമത്തിലെയും കുറ്റങ്ങൾ ചെയ്തുവെന്നും ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്നും വ്യക്തമായി ഇരുവരും കത്തുകളിൽ സൂചിപ്പിക്കുന്നുണ്ട്. ഗുജറാത്തിൽ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളെല്ലാം സമുദായത്തിന്റെ പേരിലും വർഗീയത പ്രകടമാക്കുന്ന രീതിയിലുമായിരുന്നു. എന്നാൽ എത്രയോ ഉന്നത ഉദ്യോഗസ്ഥർ സംസ്ഥാനം മുഴുവൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ട് നിയന്ത്രണത്തിൽ നിരീക്ഷണക്കാരായുണ്ടെങ്കിലും ഒരാൾക്കെതിരെ പോലും നടപടിയെടുത്തില്ല. ഇതേരീതിയിലുള്ള പ്രസംഗമാണ് ആദിത്യനാഥ് തൊട്ടുപിന്നാലെ യുപിയിൽ നടത്തിയത്. അവിടെയും നടപടിയുണ്ടായില്ല. ഇവിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഏറാൻമൂളിയാകരുതെന്ന പരമോന്നത കോടതിയുടെ പരാമർശം പ്രസക്തമാകുന്നത്. പെരുമാറ്റച്ചട്ടലംഘനം നടത്തിയവർക്കെതിരെ നടപടിയെടുക്കുവാൻ മടിക്കുന്നവരും കേന്ദ്രമന്ത്രിമാരുടെ പേരു കേൾക്കുമ്പോൾ മുട്ടിടിക്കുന്നവരുമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ നയിക്കുന്നതെന്നുവേണം സുപ്രീം കോടതിയുടെ പരാമർശത്തെ വായിച്ചെടുക്കേണ്ടത്. ഇപ്പോഴത്തെ നിലപാട് അതു ശരിവയ്ക്കുകയും ചെയ്യുന്നു. രാജ്യത്തിനു നാണക്കേടാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.