Site iconSite icon Janayugom Online

നവോത്ഥാന നായകരെ തമസ്കരിക്കരുത്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ലോകം കണ്ട സാമൂഹ്യപരിഷ്കർത്താവ് സ്വാമി വിവേകാനന്ദൻ അന്നത്തെ ജാതിവ്യവസ്ഥയുടെ ബീഭത്സത കണ്ട് മനംമടുത്താണ് കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിലയിരുത്തിയത്. താഴ്ന്ന ജാതിക്കാരന് നിരത്തിലൂടെ നടക്കാൻ അനുവാദമില്ലാതിരുന്ന, താണ ജാതിയിൽ പെട്ടവർക്ക് ഉന്നത ജാതീയരെപ്പോൽ വസ്ത്രധാരണത്തിന് സ്വാതന്ത്ര്യം ഇല്ലാതിരുന്ന, അധഃസ്ഥിത വിഭാഗത്തിൽ പെട്ട സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന അടിമത്തവും അസമത്വവും അരാജകത്വവും നിലനിന്നിരുന്ന അപരിഷ്കൃത സമൂഹത്തോടുള്ള പ്രതിഷേധവും ധാർമ്മിക രോഷവുമാണ് സ്വാമിയെ അത്തരമൊരു പരാമർശത്തിന് പ്രേരിപ്പിച്ചത്.
“തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ” എന്ന് മഹാകവി കുമാരനാശാനെ കൊണ്ട് പാടിപ്പിക്കുമാറ് ബീഭത്സത നിറഞ്ഞതായിരുന്നു സവർണ ബോധം വികസിപ്പിച്ചെടുത്ത അധികാര വിധ്വംസകതയും കീഴാളവിരുദ്ധതയും. തീണ്ടൽപ്പാട് കടന്ന് ബ്രാഹ്മണനെ സമീപിക്കാൻ ഇടവരുന്ന ശൂദ്രൻ ശിക്ഷാർഹനാണെന്നും അക്ഷരം പഠിച്ചാൽ ശൂദ്രന്റെ ചെവിയിൽ ഈയം കാച്ചിയൊഴിക്കണമെന്നുമായിരുന്നു സവർണ ബോധം. അതേനൂറ്റാണ്ടിന്റെ അന്ത്യത്തിൽ നവസമൂഹ നിർമ്മിതിക്കായുള്ള ത്യാഗോജ്വലമായ പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അനന്തരഫലമായാണ് സാമൂഹ്യ ദുരാചാരങ്ങൾക്കന്ത്യം കുറിക്കാൻ കഴിഞ്ഞത്. ഇന്നത്തെ കേരളം രൂപപ്പെട്ടത് ഇന്നലെകളിൽ സാമൂഹ്യ നീതിക്കും സമത്വാധിഷ്ഠിത സമൂഹ സംസ്ഥാപനത്തിനുമായുള്ള സാമൂഹ്യ നവോത്ഥാന നായകരുടെയും മറ്റു നവീകരണ പ്രസ്ഥാനങ്ങളുടെയും സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഫലമാണ്.


ഇതുകൂടി വായിക്കൂ:ഗുരുദർശനം കേരളത്തിന്റെ ബൗദ്ധിക സ്വാതന്ത്ര്യം


1829ലെ സതി നിരോധന ശേഷം സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ നിലവിൽവന്ന ഏറ്റവും വലിയ വിപ്ലവകരമായ സാമൂഹിക പരിഷ്കാരമാണ് ക്ഷേത്രപ്രവേശന വിളംബരം. 1936 നവംബർ 12 ന് അധഃസ്ഥിത വിഭാഗങ്ങൾക്കും ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്താനുള്ള അനുവാദം നൽകിക്കൊണ്ട് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ പുറപ്പെടുവിച്ച വിളംബരം തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും സാമൂഹ്യ സാംസ്കാരിക പുരോഗതിക്ക് വഴി തെളിച്ച നാഴികക്കല്ലായി മാറി. ജനങ്ങളുടെ അധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പ്രസ്തുത വിളംബരം കേരളത്തിന്റെ മാഗ്നകാർട്ടയായും അറിയപ്പെടുന്നു. കീഴ്ജാതിക്കാരുടെ അവശതകൾക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറിൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ആരംഭിച്ചിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം തന്നെ സാമൂഹ്യ അനാചാര നിർമ്മാർജനം ലക്ഷ്യംവച്ചുള്ളതായിരുന്നു. പിന്നീടു തിരുവിതാംകൂറിന്റെ മണ്ണിൽ ഒട്ടേറെ നവോത്ഥാന നായകർ കടന്നുവന്നു. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി കുമാരനാശാൻ, സി വി കുഞ്ഞുരാമൻ, എ കെ ഗോപാലൻ, കെ കേളപ്പൻ, ടി എസ് തിരുമുമ്പ് തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകർ തങ്ങളുടെ പ്രബോധനങ്ങളിലൂടെയും സൃഷ്ടികളിലൂടെയും ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു കേരളജനതയെ ബോധവല്‍ക്കരിച്ചു. അയ്യൻകാളിയെയും ടി കെ മാധവനെയും പോലുള്ളവർ നിയമസഭയിലും അവർണർക്കുവേണ്ടി ശബ്ദമുയർത്തി.
1932ൽ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്നത്തെ ദിവാനായ വി എസ് സുബ്രഹ്മണ്യയ്യർ അധ്യക്ഷനായ എട്ടംഗ സമിതിയെ രാജാവ് നിയോഗിച്ചിരുന്നു. രണ്ടുവർഷത്തിനുശേഷം സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. അവർണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കാൻ സവർണർക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കോടതിയുത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. ക്ഷേത്രപ്രവേശനം എന്ന കാതലായ വിഷയം മാറ്റിവച്ച് തീണ്ടൽ അവസാനിപ്പിക്കാനുള്ള ചില നടപടികൾ സമിതി ശുപാർശചെയ്യുകയുണ്ടായി. എന്നാൽ ശ്രീ ചിത്തിര തിരുനാൾ ഈ റിപ്പോർട്ടിനെ പൂർണമായും അവഗണിച്ച് ക്ഷേത്രപ്രവേശനവുമായി മുന്നോട്ടു പോവുകയാണുണ്ടായത്. ഹൈന്ദവ ദർശനങ്ങളിലും ഭാരതീയ സംസ്കാരങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഉള്ളൂർ എസ് പരമേശ്വർ അയ്യരെ പോലുള്ളവരുടെ നിര്‍ദേശങ്ങളും താഴ്ന്ന ജാതിക്കാരായ ജനവിഭാഗങ്ങളുടെ നിരന്തര സമരങ്ങളും മതപരിവർത്തന ഭീഷണികളും രാജാവിനെ ഉത്തരവ് പുറപ്പെടുവിക്കാൻ നിർബന്ധിതനാക്കി.


ഇതുകൂടി വായിക്കൂ:ചരിത്രം മറന്നു വച്ച നവോത്ഥാന വിപ്ലവകാരി


ഇപ്രകാരം അധഃസ്ഥിത വർഗം സാമൂഹ്യനീതിക്കായി നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെയും സാമൂഹ്യ നവോത്ഥാന നായകരുടെ ത്യാഗ്വോജ്വല ഇടപെടലുകളെയും തീർത്തും വിസ്മരിച്ചും രാജവാഴ്ചക്കും നാടുവാഴിത്തത്തിനും സ്വീകാര്യത നൽകിക്കൊണ്ടുമുള്ള നീക്കങ്ങള്‍ ആരില്‍ നിന്നുണ്ടായാലും കേരളത്തിന് അപമാനകരമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ 87-ാം വാർഷികാഘോഷത്തിനായി പുറത്തിറക്കിയ നോട്ടീസിൽ അടിമുടി രാജഭക്തി നിറഞ്ഞത് പ്രബുദ്ധകേരളത്തിന് നാണക്കേടാണ്. പരിപാടിയില്‍ പങ്കെടുക്കുന്ന രാജകുടുംബാംഗങ്ങളെ തമ്പുരാട്ടിമാർ എന്ന് അഭിസംബോധന ചെയ്തും ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്റെ കരുണയാണെന്ന് തോന്നിപ്പിച്ചുമുള്ള നോട്ടീസ് വിവാദമായപ്പോഴാണ് പിന്‍വലിച്ചത്. ചരിത്രത്തെ വക്രീകരിച്ചും ഇന്നലെകളിൽ കയ്യൊഴിഞ്ഞ സാമൂഹ്യദുരാചാരങ്ങളെയും പാരമ്പര്യങ്ങളെയും പുതിയ രീതിയിലും ഭാവത്തിലും സ്വീകരിക്കാനുമുള്ള ശ്രമത്തിനെതിരെ ജനാധിപത്യ കേരളം പ്രതിഷേധമുയര്‍ത്തിയെന്നത് അഭിമാനകരമാണ്. ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുള്ള ഐതിഹാസിക പോരാട്ടങ്ങളെ തമസ്കരിച്ച് നാടുവാഴിത്ത സംസ്കാരത്തിന്റെ പ്രചാരകരായി ഉത്തരവാദപ്പെട്ടവർ മാറുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദളിത് പിന്നാക്ക ജനവിഭാഗങ്ങൾ പൊരുതി നേടിയ അവകാശത്തെ മറന്ന് ഫ്യൂഡൽ സംസ്കാരത്തെ താലോലിക്കാനുള്ള പ്രവണത പുരോഗമന കേരളം തിരിച്ചറിയുമെന്നുറപ്പാണ്. ഡോ. പൽപ്പു ഉൾപ്പെടെ നിരവധി മഹാപ്രതിഭകളുടെ കണ്ണീരുവീണ തിരുവിതാംകൂർ കൊട്ടാരത്തിലെ പിന്‍തലുറയെ മഹത്വവല്‍ക്കരിച്ച്, നവോത്ഥാന നായകരുടെ പോരാട്ടവീര്യത്തെ തുച്ഛീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ ദേവസ്വം ബോർഡുള്‍പ്പെടെ ആര് സ്വീകരിച്ചാലും അതിനെ കേരളീയ സമൂഹം ചെറുത്തുതോല്പിക്കുക തന്നെ ചെയ്യും.

Exit mobile version