11 September 2024, Wednesday
KSFE Galaxy Chits Banner 2

ഗുരുദർശനം കേരളത്തിന്റെ ബൗദ്ധിക സ്വാതന്ത്ര്യം

ഡോ. പി കെ സബിത്ത്
September 22, 2023 4:30 am

ളിതയുക്തി കൊണ്ട് വലിയ ദാർശനിക പ്രശ്നങ്ങൾക്ക് ഉത്തരം കാണുന്നതായിരുന്നു ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച ദർശനം. കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തെ ഗുരു ദാർശനികമായി അപഗ്രഥിക്കുന്നത് വ്യക്തമായ ദിശാബോധത്തോടു കൂടിയാണ്. തർക്കങ്ങൾ സൃഷ്ടിച്ച് പക്ഷങ്ങളെ രൂപപ്പെടുത്തുന്ന രീതിയെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. വാദിച്ചു ജയിക്കുമ്പോൾ അവിടെ സ്വാഭാവികമായും സംഭവിക്കുന്നത് രണ്ട് വിരുദ്ധ ധ്രുവങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. യുക്തിഭദ്രമല്ലാത്ത താല്‍ക്കാലിക തർക്കങ്ങൾ കൊണ്ട് സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കില്ല എന്നദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. വാദിക്കാനും ജയിക്കാനുമല്ലാതെ അറിയാനും അറിയിക്കാനുമാത്രമായുള്ള ഒരു ദർശനമായിരുന്നു അത്.
കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങളെ അടിസ്ഥാനമാക്കി ആഴത്തിലുള്ള പഠനം ഇനിയും നടക്കേണ്ടിയിരിക്കുന്നു. 19-ാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിലും നവോത്ഥാന പ്രസ്ഥാനങ്ങൾ ഉയർന്നുവന്നിരുന്നു. കേരളത്തിലെയും ഉത്തരേന്ത്യയിലെയും പ്രസ്ഥാനങ്ങൾ ദാർശനികമായിത്തന്നെ വ്യത്യസ്തത പുലർത്തുന്നതായിരുന്നു. വരേണ്യവർഗത്തിന്റെ ഉന്നമനവും പുരോഗതിയും മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നു ഉത്തരേന്ത്യൻ നവോത്ഥാനം. ചാതുർവർണ്യ വ്യവസ്ഥയിലെ ഏറ്റവും മേൽത്തട്ടിലുള്ള ബ്രാഹ്മണ സമുദായത്തിലെ ജീർണതകൾ തുടച്ചുനീക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു അത്. ചില സമുദായങ്ങൾക്കുള്ളിൽ മാത്രം ഒതുങ്ങിനിന്നതുകൊണ്ടാണ് ഇന്നും അതിന്റെ തിക്താനുഭവങ്ങൾ നേരിടേണ്ടിവരുന്നത്.


ഇതുകൂടി വായിക്കൂ; ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം


കേരളീയ നവോത്ഥാനത്തിന് വ്യക്തമായ ദിശാബോധമുണ്ടായിരുന്നു. അത് ജാതിയെയും മതത്തെയും മാത്രം അടിസ്ഥാനമാക്കിയല്ല പ്രവർത്തിച്ചത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നത്. ഈ മുന്നേറ്റങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തത് അവർണ സമുദായത്തിൽ ജനിച്ച ശ്രീനാരായണ ഗുരുവായിരുന്നു. ബ്രാഹ്മണ സമുദായത്തിന്റെ പരിപ്രേക്ഷ്യമായ ജാതിവ്യവസ്ഥയും ചാതുർവർണ്യവും നിഷ്കാസനം ചെയ്യാനും മർദിതരും ചൂഷിതരുമായി കഴിഞ്ഞ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും കേരളീയ നവോത്ഥാനത്തിന് കഴിഞ്ഞു. ജാതിചിന്ത പരസ്യമായി എതിർക്കപ്പെടാത്തതുകൊണ്ടുതന്നെ ഉത്തരേന്ത്യയിൽ ബ്രഹ്മസമാജം, ആര്യസമാജം, പ്രാർത്ഥനാസമാജം തുടങ്ങിയ ആധുനികവരേണ്യ മതങ്ങൾ രൂപപ്പെട്ടു.
കേരളത്തിൽ ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന മതനിരപേക്ഷ ചിന്തയായിരുന്നു നാരായണ ഗുരുവിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ രൂപംകൊണ്ട മറ്റേത് നവോത്ഥാന പ്രസ്ഥാനങ്ങളെക്കാൾ ശക്തവും കാലാതിവർത്തിയുമായി പരിണമിച്ചു. ‘ആര്യസമാജം, ബ്രഹ്മസമാജം മുതലായ പ്രസ്ഥാനങ്ങൾ ഹിന്ദുമതത്തിലെ ആചാരങ്ങളെ നവീകരിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് അവ കാലാന്തരത്തിൽ മറ്റുമതങ്ങൾക്ക് എതിരായി. പ്രത്യേകിച്ച് ഇസ്ലാമിനെതിരെ ആക്രമണോത്സുകമായ ഹിന്ദുമതമായാണ് വളർന്നുവന്നത്. ബ്രഹ്മസമാജം ക്രിസ്തുമതത്തിന്റെ ഒരുതരം പരിഷ്കരിച്ച പതിപ്പായി തീർന്നു. ശ്രീനാരായണന്റെ പ്രത്യേകത അദ്ദേഹം പുതിയതായി യാതൊരു മതവും സൃഷ്ടിച്ചില്ല എന്നതാണ്.
1917ൽ ഗുരു പറഞ്ഞു. ഇനി ക്ഷേത്ര നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. പ്രധാന ദേവാലയം, വിദ്യാലയമായിരിക്കണം. പണംപിരിച്ച് പള്ളിക്കൂടങ്ങൾ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. മാർക്സിയൻ ചിന്തകളുമായി ഏറ്റവും അടുത്തുനില്ക്കുന്ന ഒന്നായിരുന്നു ഗുരു ദർശനം. മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ലെന്ന് ഗുരു പറഞ്ഞു. ആലുവയിൽ നടന്ന സർവമത സമ്മേളനത്തിൽ വച്ച് ശിവഗിരിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മഹാപാഠശാലയെപ്പറ്റി പറയുന്നുണ്ട്. ഈ പാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ; ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, സിവിക് ചന്ദ്രന്‍!


ഗുരുവിന്റെ വാക്കുകളെ അദ്ദേഹത്തിന്റെ ദർശനത്തിനു വിരുദ്ധമായി വ്യാഖ്യാനിക്കുകയും പ്രവൃത്തിപഥത്തിൽ എത്തിക്കുകയും ചെയ്തത് സമകാലീന കേരളത്തിന്റെ വിരുദ്ധോക്തിയാണ്. ഇനിയും അത് സംഭവിക്കാൻ പാടില്ല. മതം അതിരുകൾ സൃഷ്ടിക്കുവാനല്ല, അതിരുകൾക്കപ്പുറത്തേക്ക് ചിന്തിക്കുവാനുള്ള ഒന്നായിട്ടാണ് ഗുരു അവസാനംവരെ സ്ഥാപിച്ചത്. ‘മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യനെ ഉത്തമമായ ദർശനത്തിലേക്ക് നയിക്കുന്നതുമായിരിക്കണ’മെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. മലയാളത്തിലും തമിഴിലും സംസ്കൃതത്തിലുമെല്ലാം അഗാധ പാണ്ഡിത്യമുള്ള ഗുരുവിന്റെ കൃതികൾ ആ ചിന്തയുടെ വജ്രശോഭ കാട്ടിത്തരുന്നു.
‘ആത്മോപദേശ ശതകം’ ഗുരുവിന്റെ തനതായ തത്വദർശനങ്ങൾ ഉൾക്കൊള്ളുന്ന കൃതിയാണ്. സംസ്കൃതത്തിൽ എഴുതിയ ‘ദർശനമാല’ ഭാരതീയ ഉപനിഷത്തുക്കളുടെ സാരസംഗ്രഹമാണ്. ആത്മോപദേശ ശതകത്തിലൂടെ തത്വദർശനത്തിന്റെ ഏറ്റവും പുതിയൊരു സിദ്ധാന്തമാണ് അവതരിപ്പിച്ചത്. ആസ്തികവാദത്തെയും നാസ്തിക വാദത്തെയും ഒരേസമയം ചോദ്യംചെയ്യുകയും സമന്വയിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ തത്വചിന്തകളുടെ ബഹുസ്വര ദർശനം അവതരിപ്പിച്ച ഗുരുവിനൊപ്പം കേരളം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
ക്ഷേത്രാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ നിലനിന്ന സമൂഹത്തിൽ ബിംബാരാധനയിൽ മുഴുകിയ സമൂഹം സ്വാഭാവികമായും ഉണ്ടായിരുന്നു. ഈ സമൂഹത്തെ അതിവേഗം മാറ്റിയെടുക്കുക അസാധ്യമായിരുന്നു. ഇവിടെയാണ് ശ്രീനാരായണ ഗുരു നടത്തിയ വിപ്ലവത്തിന്റെ പ്രായോഗിക ദർശനം പ്രസക്തമാകുന്നത്. സമൂഹം അവലംബിക്കുന്ന ചിന്തയ്ക്ക് അനുയോജ്യമായ ദർശനങ്ങൾ കൊണ്ടുവന്നായിരുന്നു ഗുരു സമൂഹത്തിന്റെ മനസിൽ പരിവർത്തനമുണ്ടാക്കിയത്. 1888ലെ പ്രവൃത്തി അതായിരുന്നു. അരുവിപ്പുറത്തെ നദിയില്‍ മുങ്ങി ശിലയെടുത്ത് ശിവലിംഗമായി പ്രതിഷ്ഠിച്ചു. ബ്രാഹ്മണ മേധാവിത്തത്തിനെതിരെയുള്ള വെല്ലുവിളിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഈഴവൻ ശിവപ്രതിഷ്ഠ നടത്തിയതിനെതിരെ ചോദ്യശരങ്ങൾ സ്വാഭാവികമായും ഉയർന്നു. വലിയ തർക്കങ്ങൾക്ക് കാരണമായേക്കാവുന്ന ചോദ്യത്തെ “ഞാൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്” എന്ന ലളിതയുക്തികൊണ്ടാണ് നേരിട്ടത്. ‘ശില’ എന്ന ഭൗതിക വസ്തുവിനെ മുൻനിർത്തി ദാർശനികമായ ചിന്താധാരയാണ് ഗുരു തുറന്നുവിട്ടത്. ഈ പ്രായോഗിക വീക്ഷണം വലിയൊരു വിഭാഗം ജനതയുടെ സ്വത്വബോധം ഉണർത്തി. അകറ്റിനിർത്തപ്പെട്ടവർ അസ്തിത്വം തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വന്നു. നൂറ്റാണ്ടുകളോളം ക്രിസ്ത്യൻ മിഷണറിമാർ നടത്തിയ പ്രവൃത്തികളെപ്പോലും മറികടക്കുന്ന വിധം വിദ്യാഭ്യാസ രംഗത്ത് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ ഇടപെടൽ നടത്തി. 1914ല്‍ തിരുവിതാംകൂറിൽ ആകെ ഈഴവ വിദ്യാർത്ഥികൾ 23,893 ആയിരുന്നു. 1918 ആകുമ്പോഴേക്കും അത് 51,114 ആയി ഉയർന്നു. കേവലം നാലുവർഷം കൊണ്ട് 114 ശതമാനം വർധനവ്. പുലയ സമുദായത്തിൽപ്പെട്ട രണ്ടായിരം വിദ്യാർത്ഥികൾ ഇക്കാലയളവില്‍ 17,753 ആയി വർധിച്ചു. ഒരേസമയം ദാർശനികവും ബൗദ്ധികവുമായ സമീപനം പുലർത്തിയതിന്റെ ഫലമാണിത്.


ഇതുകൂടി വായിക്കൂ; ശ്രീനാരായണ ഗുരു ചിന്തകളെ പ്രയോഗവത്കരിച്ച ദാർശനികന്‍


അക്കാലത്ത് ചില അധഃസ്ഥിത മുദ്രകൾ ആചാരങ്ങളുടെ രൂപത്തിൽ സമൂഹത്തിന്റെ ബോധത്തിലും അബോധത്തിലും സ്ഥാപിക്കപ്പെട്ടിരുന്നു. ഈഴവർക്കിടയിൽ അന്നുണ്ടായിരുന്ന വിവാഹ രീതി ഏറെ വിചിത്രമായിരുന്നു. രാത്രിയുടെ പശ്ചാത്തലത്തിൽ വരന്റെ സഹോദരി ചെന്ന് വധുവിന് മുണ്ടുകൊടുത്ത് കെട്ടിക്കൊണ്ടുവരുന്ന രീതിയായിരുന്നു. ‘പുടവ കൊട’ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 1904ൽ പറവൂരിൽ ഗുരുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ ആചാരത്തെ പടിക്കുപുറത്താക്കി വിവാഹച്ചടങ്ങുകൾക്ക് പരിഷ്കരിച്ച രൂപം ഉണ്ടാക്കിയത്. അവർണ സമുദായങ്ങൾ മാത്രമല്ല, സവർണരും ഗുരുവിന്റെ പാതയിലൂടെ മുന്നേറി. നമ്പൂതിരി സമുദായത്തിലും വലിയ പരിവർത്തനങ്ങൾ ഉണ്ടായി. വക്കം അബ്ദുൾ ഖാദർ മൗലവി നാരായണ ഗുരുവുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ചലനാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ വഴിതുറന്നത് ഈ അടുപ്പമാണ്. വിദ്യയിലൂടെ പ്രബുദ്ധരായ സമൂഹത്തെ സൃഷ്ടിക്കാനും വ്യവസായത്തിലൂടെ അഭിവൃദ്ധിയിലേക്ക് നയിക്കാനും കഴിയുമെന്ന ചിന്ത അദ്ദേഹത്തിന്റെ ദീർഘവീക്ഷണമായിരുന്നു.
ജാതിവ്യവസ്ഥയെ അതിന്റെ സൂക്ഷ്മതലത്തിൽ നിഷ്കാസനം ചെയ്യാൻ ഘട്ടംഘട്ടമായുള്ള ചില സമീപനങ്ങളായിരുന്നു സ്വീകരിച്ചത്. തർക്കങ്ങൾക്ക് ഇടംകൊടുക്കാത്ത അനായാസമായ സഞ്ചാരമായിരുന്നു അത്. ആത്മനിഷ്ഠമായ ബോധ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതുവഴി തർക്കത്തിന് പ്രസക്തിയില്ലാതാകുന്നു. 1924ൽ ആലുവയിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ കവാടത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “വാദിക്കുവാനും ജയിക്കുവാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത്”. ഏവർക്കും മനസിലാകുന്ന ലളിതയുക്തിയിൽ മതങ്ങളെക്കാൾ ഉപരി മനുഷ്യനാണ് പ്രധാനം എന്ന് പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു. ‘സംഘടനയിലൂടെ ശക്തരാവുക, വിദ്യാഭ്യാസത്തിലൂടെ സ്വതന്ത്രമാവുക’ എന്ന സന്ദേശം ഗുരു നടപ്പിലാക്കിയത് കുമാരനാശാനിലൂടെയായിരുന്നു. ആശാനെ ബംഗളൂരുവിലേക്കും കൊൽക്കത്തയിലേക്കും അയച്ചു പഠിപ്പിച്ചത് ഒരു നിദർശനമാണ്. പതിനാറ് വർഷമാണ് മഹാകവി എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചത്.


ഇതുകൂടി വായിക്കൂ; ഗുരുവെന്ന ബൃഹദ് പാഠം


അരുവിപ്പുറത്തെ പ്രതിഷ്ഠയെ തുടർന്ന് ഗുരുവിന്റെ നേതൃത്വത്തിൽ നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നു. ആ ക്ഷേത്രങ്ങളുടെ സവിശേഷത ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മൗലികമായി മനുഷ്യന് സംഘടിക്കാനുള്ള ഇടം എന്ന നിലയിലാണ് ക്ഷേത്രത്തെ കണ്ടത്. ജാതിക്കും മതത്തിനും അവിടെ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. ക്ഷേത്രച്ചുമരില്‍ സ്വന്തം കൈപ്പടയിലാണ് ജാതിഭേദം മതദ്വേഷം എന്നാരംഭിക്കുന്ന ആപ്തവാക്യം എഴുതിവച്ചത്. സമൂഹത്തിന്റെ ബോധത്തിലും അബോധത്തിലും മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ഒന്നായി ക്ഷേത്രം എന്ന സങ്കല്പത്തെ മാറ്റിയെടുത്തു. മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമായിരുന്നു പ്രതിഷ്ഠ. കാരമുക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്കായിരുന്നു. ചേർത്തലയ്ക്കടുത്ത് കളവംകോട് ക്ഷേത്രത്തിലും വൈക്കത്തെ ഉല്ലല ഓംകാര ക്ഷേത്രത്തിലും കണ്ണാടിയാണ് പ്രതിഷ്ഠ. ആലുവയിലാണെങ്കിൽ പ്രതിഷ്ഠ തന്നെയില്ല.
മുദ്രാവാക്യങ്ങളും കെടാവിളക്കും കണ്ണാടിയുമെല്ലാം പ്രതിഷ്ഠിച്ചതിലൂടെ സമൂഹത്തിന്റെ ബോധമനസിലാണ് പരിവർത്തനങ്ങളുണ്ടായത്. പ്രതിഷ്ഠയില്ലാത്ത ഒരു സങ്കല്പത്തിലൂടെ, പരസ്പര സഹകരണത്തോടെ മുന്നോട്ടു സഞ്ചരിക്കാനുള്ള ഭൗതികമായ ബിംബങ്ങൾ മാത്രമാണ് ഇതെല്ലാം എന്ന സന്ദേശമാണ് നല്‍കിയത്. അധമ ചിന്തകളെ സംസ്കരിച്ചെടുത്ത് ഒരു പുതിയ സഞ്ചാര പാതയിലേക്ക് സമൂഹത്തെ ആനയിക്കുകയായിരുന്നു. എന്നാല്‍ 1917ൽ അദ്ദേഹം തന്നെ ആഹ്വാനം ചെയ്തത് പ്രധാന ദേവാലയം വിദ്യാലയമാണെന്നും പണം പിരിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാനുമായിരുന്നു. ക്ഷേത്രാധിഷ്ഠിത സാമൂഹിക വ്യവസ്ഥ ഉണ്ടാക്കാനല്ല ഗുരു ശ്രമിച്ചത് എന്നര്‍ത്ഥം. സമൂഹത്തെ അതിസൂക്ഷ്മമായി പഠിച്ച ഗുരു കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന് അനുയോജ്യമായ സമഗ്ര ദർശനമാണ് മുന്നോട്ടുവച്ചത്. കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും നമ്മുടെ സാംസ്കാരിക പ്രയാണത്തിന് ഇന്നും അടിത്തറയായി നിലനില്‍ക്കുന്ന ദിശാസൂചകമാണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.