Site icon Janayugom Online

റെനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ജനകീയ പ്രതിഷേധങ്ങൾക്കുമിടെ പ്രസിഡന്റായി റെനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീലങ്കയിൽ പുതിയ 25 അംഗ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകിയേക്കുമെന്നും സൂചനയുണ്ട്. ആറ് തവണ പ്രധാനമന്ത്രിയായിട്ടുള്ള റെനിൽ വിക്രമസിംഗെ ആദ്യമായാണ് ശ്രീലങ്കയുടെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്.

ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റാണ് റെനിൽ വിക്രമസിംഗെ. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, വിക്രമസിംഗെയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ജനകീയ പ്രക്ഷോഭവും തുടരുന്നതിനിടെയാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്.

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡന്റായിരുന്ന ഗോതബയ രാജപക്സെ രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു യുഎൻപി നേതാവായ റെനിൽ വിക്രമസിംഗെ. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് വിക്രമസിംഗെ പരാജയപ്പെടുത്തിയത്.

225 അംഗ പാർലമെന്റിൽ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകൾ റെനിൽ നേടിയപ്പോൾ അലഹപ്പെരുമയ്ക്ക് 82 വോട്ടു ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്നു ജനത വിമുക്തി പെരുമന നേതാവ് അനുര കുമാര ദിസനായകെയ്ക്കു മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകൾ അസാധുവായി.

Eng­lish summary;Renil Wick­ra­mas­inghe was sworn in

You may also like this video;

Exit mobile version