Site iconSite icon Janayugom Online

കെജ്‌രിവാളിന്റെ വസതി നവീകരണം; 45 കോടി ചെലവഴിച്ചു

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തെ ചൊല്ലി വിവാദം. 45 കോടിയോളം രൂപയാണ് നിര്‍മ്മാണ ചെലവ്. ആരോപണത്തില്‍ കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. കോവിഡ് കാലത്തടക്കം നിര്‍മ്മാണം നടത്തിയതായും ബിജെപി ആരോപിച്ചു. ഡല്‍ഹി സിവില്‍ ലൈന്‍സിലെ അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണമാണ് വിവാദത്തിലായത്. 2020 സെപ്റ്റംബര്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവിലെ നിര്‍മ്മാണത്തിന് 44.7 കോടി രൂപ ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇന്റീരിയര്‍ ഡെക്കറേഷന് മാത്രമായി ചെലവഴിച്ചിരിക്കുന്നത് 11.3 കോടി രൂപയാണ്. മാര്‍ബിള്‍ ഫ്ലോറിങ്ങിനായി 6.02 കോടി രൂപ. വിയറ്റ്നാമില്‍ നിന്നുമാണ് മാര്‍ബിള്‍ എത്തിച്ചത്. ഇലക്‌ട്രിക് ഫിറ്റിങ്ങിനായി 2.58 കോടി, അടുക്കള നവീകരണത്തിനായി 1.1 കോടി രൂപ. എട്ട് കര്‍ട്ടനുകള്‍ വാങ്ങിയതില്‍ ഏറ്റവും കൂടിയതിന്റെ വില 7.94 ലക്ഷമാണ്. കുറഞ്ഞതിന്റെ വില 3.57 ലക്ഷമാണെന്നും പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ ക്യാമ്പ് ഓഫീസിന്റെ നവീകരണത്തിന് 8.11 കോടി രൂപ പ്രത്യേകം ചെലവഴിച്ചിട്ടുമുണ്ട്. 

വിവാദത്തില്‍ കെജ്‌രിവാള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം 1942 ല്‍ നിര്‍മ്മിച്ച വസതിയാണിതെന്നും മേല്‍ക്കൂര മൂന്നുതവണ ഇടിഞ്ഞുവീണതായും എഎപി പറയുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മോടി കൂട്ടാന്‍ അഞ്ഞൂറ് കോടി രൂപയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതി നവീകരണത്തിനായി 191 കോടി രൂപയും ചെലവഴിച്ചിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് എംപി തിരിച്ചടിച്ചു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതി മോടിപിടിപ്പിച്ചതിന്റെ ചെലവ് 15 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary;Renovation of Kejri­wal’s res­i­dence; 45 crore spent

You may also like this video

Exit mobile version