Site iconSite icon Janayugom Online

മുസ്ലിംലീഗിലും പുനഃസംഘടന പാതിവഴിയിൽ

സംഘടനാ പ്രശ്നങ്ങളിലെ കുരുക്കഴിക്കാനാവാതെ മുസ്ലിംലീഗും കോൺഗ്രസിന്റെ വഴിയേ. വിഭാഗീയത രൂക്ഷമായ ജില്ലകളിൽ, നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ജില്ലാക്കമ്മിറ്റികളുടെ രൂപീകരണം നടക്കാതെ പോയതിനാൽ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും അവതാളത്തിലായി.
ഫെബ്രുവരി 28ന് മുമ്പ് എല്ലാ ജില്ലകളിലും പുതിയ കമ്മിറ്റികൾ നിലവിൽ വരുമെന്നും ഈ മാസം മൂന്നിന് പുതിയ സംസ്ഥാനക്കമ്മിറ്റിയുടെ ആദ്യയോഗം ചേരുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ, കണക്കുകൂട്ടലുകളൊക്കെ തെറ്റി. 23 — ന് റംസാൻ വ്രതം തുടങ്ങുന്നതിനാൽ അതിനു മുമ്പ് ഈ കാര്യങ്ങളൊക്കെ നടക്കുമോ എന്ന കാര്യത്തിൽ ആശങ്കയിലാണ് നേതൃത്വം. നോമ്പ് അവസാനിക്കുന്നത് ഏപ്രിൽ 21 നാണ്.
ജില്ലാക്കമ്മിറ്റിയോഗങ്ങൾ ചേരിതിരിഞ്ഞുള്ള കയ്യാങ്കളിയിൽ കലാശിക്കുന്ന എറണാകുളം ജില്ലയിലും പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് വിഭാഗീയത രൂക്ഷം. തൃശൂരിലേത് ഏതാണ്ട് പരിഹരിക്കാനായി. 

എറണാകുളത്തെ നേതാക്കളെ സംസ്ഥാനനേതൃത്വം മലപ്പുറത്തേക്ക് വിളിപ്പിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. പുതിയ ജില്ലാക്കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ ഫെബ്രുവരി 17,18 തീയതികളിൽ കളമശേരിയിൽ ചേർന്ന ജില്ലാ സമ്മേളനം, മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ടി എ അഹമ്മദ് കബീർ എന്നിവരുടെ അനുയായികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് പൊലീസ് ഇടപെടലോടെ പിരിച്ചു വിടുകയായിരുന്നു. പുന: സംഘടനയുമായി ബന്ധപ്പെട്ട് തെക്കൻ ജില്ലകളുൾപ്പെടെ ചിലയിടങ്ങളിൽ വനിതാ ലീഗിലും പ്രശ്നങ്ങളുണ്ട്.
ലീഗിന്റെ ഭരണഘടന പ്രകാരം ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് വരുന്നവരാണ് സംസ്ഥാന സമിതി അംഗങ്ങൾ. സമിതി കൂടാൻ ഏഴ് ദിവസം മുമ്പ് അംഗങ്ങൾക്ക് അറിയിപ്പ് നൽകേണ്ടതുണ്ട്. ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് പൂർത്തിയാകാൻ വൈകിയതിനാൽ മൂന്നിന് നിശ്ചയിച്ച യോഗത്തിന്റെ അറിയിപ്പ് നൽകാനാവാതെ വന്നുവെന്നും അതിനാലാണ് യോഗം മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇതിന് മറ്റൊരു മറുവശം കൂടിയുണ്ടെന്ന് ലീഗിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പിന്തുണയ്ക്കുന്ന വിഭാഗം വ്യക്തമാക്കുന്നു. വിഷയം നിലവിൽ കോടതിയുടെ പരിണനയിലാണ്. ഇടക്കാല വിധി ഹംസയ്ക്ക് അനുകൂലമായിരുന്നു. ഹംസയുടെ തിരിച്ചു വരവ് എങ്ങനെയും തടയുക എന്ന ദുരുദ്ദേശ്യമാണ് സംസ്ഥാന സമിതി യോഗം നീട്ടിവച്ചതിന്റെ പിന്നിലെന്നാണ് അവർ ആരോപിക്കുന്നത്. 

കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ അതിരൂക്ഷമായി വിമർശിച്ചതോടെയാണ്, മുൻ എംഎൽഎ കൂടിയായ കെ എസ് ഹംസയ്ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കുഞ്ഞാലിക്കുട്ടി മോഡിയെയും ഇഡിയെയും വിജിലൻസിനെയും വിജയനെയും ഭയന്ന് കഴിയുകയാണെന്നായിരുന്നു ഹംസയുടെ തുറന്നടിക്കൽ. വിമർശനത്തിന്റെ കാഠിന്യത്താൽ പ്രതിപക്ഷ ഉപനേതാവ് പദവി രാജിവയ്ക്കാൻ പോലും കുഞ്ഞാലിക്കുട്ടി മുതിരുകയും ചെയ്തു. തുടർന്ന്, കെ എസ് ഹംസയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യുകയും എന്നാൽ, യോഗ നടപടികൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനാലാണ് നടപടി എന്ന് നേതൃത്വം വിശദീകരിക്കുകയും ചെയ്തു. സസ്പെൻഷനെ തുടർന്ന് കോടതിയെ സമീപിച്ചതിനു പുറമെ, തൊട്ടുപിന്നാലെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ രൂപീകരണം എന്ന പേരിൽ കോഴിക്കോട് വിമതരുടെ യോഗം വിളിച്ച് കെ എസ് ഹംസ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. യോഗത്തിൽ, തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുനവര്‍ അലി ശിഹാബ് തങ്ങൾ പങ്കെടുത്തത് അതിനെക്കാൾ വലിയ തിരിച്ചടിയാവുകയും ചെയ്തു. 

Eng­lish Sum­ma­ry; Reor­ga­ni­za­tion in Mus­lim League is also half way

You may also like this video 

Exit mobile version