എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ട്രസ്റ്റി ബോര്‍ഡില്‍ നിന്ന് എഐടിയുസി, ഐഎന്‍ടിയുസി പ്രതിനിധികളെ ഒഴിവാക്കി. പകരം ആര്‍എസ്എസ് ആഭിമുഖ്യമുള്ള ലഘു ഉദ്യോഗ് ഭാരതി എന്ന ബിഎംഎസ് സംഘടനയുടെ രണ്ട് പ്രതിനിധികളെ ഉള്‍പ്പെടുത്തി.
1941ല്‍ എം വിശ്വേശ്വരയ്യ സ്ഥാപിച്ച ഓള്‍ ഇന്ത്യ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍ എന്നിവയുടെ പ്രതിനിധികളെയും ഒഴിവാക്കി.
10 പേരടങ്ങിയ ട്രസ്റ്റ് ബോര്‍ഡില്‍ മൂന്ന് അംഗങ്ങള്‍ ബിഎംഎസ് സംഘടനയില്‍ നിന്നുള്ളവരാണ്. ഹിന്ദ് മസ്ദൂര്‍ സഭ (എച്ച്എംഎസ്), സിഐടിയു, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍, നാഷണല്‍ ഫ്രണ്ട് ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ എന്നീ സംഘടനകളിലെ പ്രതിനിധികളെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയ തൊഴില്‍ മന്ത്രാലയമാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളായ എഐടിയുസി, ഐഎന്‍ടിയുസി പ്രതിനിധികളെ ഒഴിവാക്കിയത്. പത്തംഗ ബോര്‍ഡിലെ രണ്ട് സ്ഥാനങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്.
അഞ്ച് വര്‍ഷ കാലാവധിയുള്ള ട്രസ്റ്റില്‍ എഐടിയുസി അടക്കമുള്ള പ്രതിപക്ഷ തൊഴിലാളി യൂണികള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി അധ്യക്ഷനായ ട്രസ്റ്റില്‍ അഞ്ച് അംഗങ്ങളെ കേന്ദ്ര സര്‍ക്കാരാണ് നാമനിര്‍ദേശം ചെയ്യുന്നത്. 15 പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായിരിക്കും.
പ്രതിനിധികളെ ഉള്‍പ്പെടുത്താത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എഐടിയുസിയും ഐഎന്‍ടിയുസിയും രംഗത്തുവന്നു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ എഐടിയുസിയെ ഒഴിവാക്കിയ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ബോര്‍ഡില്‍ അംഗമായിരുന്ന എഐടിയുസി പ്രതിനിധി സുകുമാര്‍ ദാംലെ പറഞ്ഞു. വിവരം തൊഴില്‍ മന്ത്രിയെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രതിനിധിയെ ഒഴിവാക്കുക വഴി രാജ്യത്തെ ഭൂരിപക്ഷം തൊഴിലാളികളെയാണ് ഒഴിവാക്കിയതെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞു. രാജ്യത്തെ വലിയ രണ്ട് തൊഴിലാളി സംഘടനകളെ ട്രസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി തൊഴിലാളി വഞ്ചനയാണെന്ന് സിഐടിയു നേതാവ് എ കെ പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
English Summary;Reorganization of EPFO with inclusion of RSS representatives
You may also like this video