Site iconSite icon Janayugom Online

ആവര്‍ത്തിക്കുന്ന റെയില്‍ ദുരന്തവും അലംഭാവവും

എന്താണ് ദുരന്തങ്ങള്‍ എന്നു ചോദിച്ചാല്‍ ഒറ്റ വാചകത്തില്‍ ഉത്തരം നല്‍കുക എളുപ്പമല്ല. മാനുഷികവും ഭൗതികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടം, തടസം എന്നിവ കര്‍മ്മനിരതമായ ഒരു സമൂഹത്തിന്റെ പ്രവര്‍ത്തനത്തിനു മേല്‍ അപ്രതീക്ഷിതമായി വന്നുപതിക്കുന്ന സംഭവത്തെ ദുരന്തമെന്ന് സാമാന്യമായി പറയാം. ദുരന്തങ്ങളെ മനുഷ്യനിര്‍മ്മിത ദുരന്തം, പ്രകൃതിദുരന്തം എന്നെല്ലാം വിഭജിക്കാറുണ്ട്. സാങ്കേതികവിദ്യ, മാനുഷിക പിഴവുകള്‍ എന്നിവമൂലം സംഭവിക്കുന്ന ദുരന്തങ്ങളെ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളായി വര്‍ഗീകരിക്കാം. ദുരന്തങ്ങള്‍ ഒഴിയാതെ പിന്‍തുടരുന്ന ഇന്ത്യയില്‍ അവയുടെ വര്‍ഗീകരണമാണ് നിവാരണത്തെക്കാള്‍ ദുഷ്കരം. ഒഡിഷയിലെ ബാലാസോറില്‍ 2023 ജൂണ്‍ രണ്ടിനുണ്ടായ ട്രെയിന്‍ ദുരന്തം എന്തു കാരണത്താലാണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു. ബാലാസോറില്‍ എതിര്‍ദിശകളിലേക്ക് പോകുന്ന രണ്ട് പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തിയിട്ടിരുന്ന ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. 288 പേര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊതു സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിലേക്കാണ് ഈ അപകടം വിരല്‍ ചൂണ്ടിയത്. ലോകത്തെ ഏറ്റവും വലിയ ട്രെയിന്‍ ഗതാഗത സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് റെയില്‍വേ എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. രാജ്യത്ത് ഒരു ദിവസം ശരാശരി 23 ദശലക്ഷം ആള്‍ക്കാരാണ് ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നത്. ഇത്രയും ജനങ്ങള്‍ ആശ്രയിക്കുന്ന ഈ പൊതുഗതാഗത സൗകര്യത്തിന്റെ സുരക്ഷയില്‍ ആശങ്കകള്‍ നിറയുകയാണ്. 1891 നവംബര്‍ അഞ്ചിന് നാഗ്‌പൂരില്‍ ട്രെയിന്‍ പാളംതെറ്റി 10 പേര്‍ കൊല്ലപ്പെട്ട ദുരന്തമായിരുന്നു ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ട്രെയിന്‍ ദുരന്തം. അതിനുശേഷം ചെറുതും വലുതുമായ നൂറില്‍പരം ദുരന്തങ്ങളില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ലോകത്തില്‍തന്നെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തം 1981 ജൂണ്‍ ആറിന് ബിഹാറിലെ സഹര്‍ജില്ലയില്‍ പാസഞ്ചര്‍ ട്രെയിന്‍ ബഗ്‌മതി പുഴയിലേക്ക് മറിഞ്ഞ് 800 പേര്‍ മരിച്ച സംഭവമായിരുന്നു. മുമ്പ് റെയില്‍ അപകടമുണ്ടായപ്പോള്‍ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും വിമാനാപകടം ഉണ്ടായപ്പോള്‍ മാധവറാവു സിന്ധ്യയും രാജിവച്ചിട്ടുണ്ട്. ഒഡിഷ അപകടത്തിന്റെ പേരില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. റെയില്‍വേ നവീകരണം വലിയ നേട്ടമായി അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബാലാസോര്‍ അപകടം. അപ്പോഴും ഉത്തരം കാക്കുന്ന ചോദ്യം ഈ ദുരന്തങ്ങളുടെയൊക്കെ ധാര്‍മ്മിക ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ട്രെയിന്‍ ദുരന്തങ്ങളുടെ കണക്ക് കുത്തനെ ഉയര്‍ന്നിട്ടുള്ളത്. രാജ്യത്തുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളില്‍ അധികവും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് സംഭവിക്കുന്നത്. ലോക്കോ പൈലറ്റിന്റെ അശ്രദ്ധ, തെറ്റായ സിഗ്നല്‍ സംവിധാനം, ട്രെയിനില്‍ വരുന്ന സാങ്കേതിക പ്രശ്നം എല്ലാം അപകടത്തിന് വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പാളം തെറ്റിയുണ്ടാകുന്ന അപകടം, പ്രകൃതിദുരന്തങ്ങള്‍, തീവ്ര‑ഭീകരവാദ അട്ടിമറി ശ്രമങ്ങള്‍ എല്ലാം ദുരന്തങ്ങള്‍ക്ക് ഹേതുവാകുന്നുണ്ട്. അപകടങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് ശക്തമായ മുന്‍കരുതലുകള്‍ കൈക്കൊണ്ടാൽ അവ ദുരന്തങ്ങളായി മാറുന്നത് തടയാനാകും. അനാസ്ഥ, സാങ്കേതിക തകരാറുകള്‍, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയെല്ലാം അതിജീവിച്ച് ട്രെയിനുകള്‍ യാത്ര തുടരുമ്പോഴും അതിനുള്ളില്‍ ഭിക്ഷാടനം, മോഷണം, പീഡനം, കൊള്ള, ലൈംഗികാതിക്രമം തുടങ്ങിയ കാര്യങ്ങളും ട്രെയിന്‍ യാത്രക്കാര്‍ നേരിടേണ്ടിവരുന്നുണ്ട്. അട്ടിമറി ശ്രമവും വനിതകള്‍ക്ക് നേരെയുള്ള അതിക്രമവും മോഷണവും ഒക്കെയായി ട്രെയിന്‍ യാത്ര അരക്ഷിതമായിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. നിരവധി യാത്രക്കാര്‍ക്ക് കണ്ണു നഷ്ടമാകുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: റെയില്‍വേ അപകടങ്ങള്‍: താല്‍ക്കാലിക ജാഗ്രത മാത്രം പോര


2010ല്‍ നിലമ്പൂര്‍ പാസഞ്ചറിന്റെ ഏഴ് കോച്ചുകളുടെ ബ്രേക്ക് തീവ്രവാദികള്‍ അറുത്തുമാറ്റി അട്ടിമറിക്ക് ശ്രമിച്ചത്, ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സൗമ്യ കൊലചെയ്യപ്പെട്ടത്, വന്ദേഭാരത് എക്സ്പ്രസിന് നേരെ നിരന്തരമുണ്ടാകുന്ന കല്ലേറ്, ട്രെയിന്‍ കത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവ ഉദാഹരണം. ട്രെയിന്‍ സുരക്ഷയെക്കുറിച്ചും വേണ്ടത്ര ഏകോപനമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. 2005ല്‍ തന്നെ ഇന്ത്യ ദുരന്തനിവാരണ ബില്‍ നടപ്പാക്കുകയും ദേശീയ ദുരന്തനിവാരണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ പുനരവലോകനം ചെയ്യേണ്ടതുണ്ട്. ഭാവിയില്‍ എന്തെങ്കിലും ദുരന്തങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാനുള്ള ശേഷിയും വികസിപ്പിക്കണം. ബാലാസോര്‍ അപകടത്തില്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത രീതിയിൽ വ്യാപക വിമര്‍ശനമാണ് ഉയർന്നത്. അതുപോലെ രക്ഷാദൗത്യത്തിലേര്‍പ്പെട്ട സേനാംഗങ്ങള്‍ക്ക് ദൗത്യത്തിന് ശേഷമുണ്ടായ മാനസിക പ്രശ്നങ്ങളും മറ്റും കാണാതിരിക്കാനുമാവില്ല. ഒഡിഷയിലെ ഈ ട്രെയിന്‍ അപകടത്തില്‍ അട്ടിമറി സാധ്യതകള്‍ തുടങ്ങി എല്ലാ കാരണങ്ങളും കണ്ടെത്താന്‍ സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ രംഗത്തുണ്ട്. എങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളെയും അതിന്റെ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ കര്‍മ്മശേഷിയെയും ആത്മാര്‍ത്ഥതയെയും നിരന്തരം വിലയിരുത്തുകയും പരിശോധനാ വിധേയമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഈ ട്രെയിന്‍ ദുരന്തത്തോടനുബന്ധിച്ച് വന്ന വാര്‍ത്തകള്‍ ധ്വനിപ്പിക്കുന്നു. ഓരോ ദുരന്തവും സാമൂഹ്യ പ്രാദേശിക പാരിസ്ഥിതിക ഘടകങ്ങളെ വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ദുരന്തങ്ങള്‍ പരസ്പരം സമാനവും തുല്യവുമല്ല. മുന്നൂറോളം പേര്‍ മരണമടയുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ ആ ദുരന്തം അതില്‍ ഉള്‍പ്പെട്ട ഓരോ കുടുംബത്തിലും സമൂഹത്തിലും വരുത്തുന്ന, ഉളവാക്കുന്ന ആഘാതം നഷ്ടപരിഹാരങ്ങള്‍ കൊണ്ടൊന്നും തീര്‍ക്കാവുന്നതല്ല.

ചെയ്യാവുന്നതില്‍ നല്ലത് ഇന്നു ചെയ്യുക. നാളെ അതിലും മെച്ചമായത് ചെയ്യാം. — സര്‍ ഐസക് ന്യൂട്ടന്‍

Exit mobile version