Site icon Janayugom Online

കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്

കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.

പബ്ളിക്ക് ഹെൽത്ത് ലാബിലാണ് അരി, പലവ്യഞ്ജനങ്ങൾ, വെള്ളം എന്നിവയുടെ സാംപിൾ പരിശോധിച്ചത്. വിളവ് പാകമാകാത്ത വൻപയറാണ് പാചകത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ദഹന പ്രകിയയെ ദോഷകരമായ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി (കോളിഫോം ) ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തിൽ ക്ലോറിനേഷൻ നടത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദേശം നൽകി.

കായംകുളം പുത്തൻ റോഡ് യുപി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. തുടർന്നാണ് ഭക്ഷ്യ വസ്തുക്കൾ പരിശോധനയ്ക്ക് അയച്ചത്.

കുട്ടികളുടെ സാംമ്പിളുകളിൽ ഛർദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന ഫലം പുറത്ത് വന്നിട്ടുണ്ട്. സാംമ്പിൾ എല്ലാം നെഗറ്റീവ് ആണ്. ആലപ്പുഴ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ആരോഗ്യ വകുപ്പ് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചത്.

Eng­lish summary;Report on food poi­son­ing at Kayamku­lam school released

You may also like this video;

Exit mobile version