മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ മരണം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ബുധനാഴ്ച രാവിലെ 8.46ഓടെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണായിരുന്നു അദ്ദേഹത്തിന്റെ ദാരുണാന്ത്യം. കൈയിൽ കെട്ടിയിരുന്ന വാച്ചാണ് അജിത് പവാറിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്നാണ് റിപ്പോർട്ടുകൾ. കത്തിയമർന്ന വിമാനത്തിന്റെ പരിസരത്തുനിന്നും ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കൈയിൽ അണിഞ്ഞിരുന്ന വാച്ചാണ് മൃതദേഹം കണ്ട് തിരിച്ചറിയാൻ സഹായിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എൻസിപിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നം ഘടികാരമാണ്. 66‑കാരനായ പവാർ, ചൊവ്വാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തശേഷം, പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളിൽ പങ്കെടുക്കുന്നതിനായാണ് ബാരാമതിയിലേക്ക് പുറപ്പെട്ടത്. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചുപേരും അപകടത്തിൽ മരിച്ചു. ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്‌സ് കമ്പനി കൈകാര്യം ചെയ്തിരുന്ന ലിയർജെറ്റ് 46 വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ട് 35 മിനിറ്റിന് ശേഷമാണ് തകരാർ ശ്രദ്ധയിൽപെട്ടത്. പിന്നാലെ, 8:45 ഓടെ അപകടം നടന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം നിലംപതിച്ചയുടൻ തീപിടിച്ചു, കത്തിയമർന്നു. പവാറിന്റെ പിഎസ്ഒ, അറ്റൻഡന്റ്, പൈലറ്റ് ഇൻ കമാൻഡ്, ഫസ്റ്റ് ഓഫീസർ എന്നിവരാണ് അദ്ദേഹത്തിനൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത്.

