Site iconSite icon Janayugom Online

ജമ്മുകശ്മീരിലെ ഗോത്ര വിഭാഗക്കാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് റിപ്പോർട്ട്

nangrunangru

ജമ്മുകശ്മീരിലെ വനമേഖലയില്‍ താമസിക്കുന്ന ഗോത്ര വിഭാഗക്കാരായ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. വനമേഖലയ്ക്ക് സമീപമുള്ള ഗ്രാമമായ നെന്‍ഗ്രൂവിലെ ജനങ്ങള്‍ക്കാണ് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയും മേച്ചിലിടങ്ങളും ലഭ്യമാകാതെ വനംവകുപ്പ് വേലി കെട്ടിയതായി ഇവര്‍ ആരോപിക്കുന്നു.

ഭൂവുടമസ്ഥത, ഭക്ഷ്യസുരക്ഷ, പരമ്പരാഗത വനവാസികളുടെ ഉപജീവനമാർഗം എന്നിവ ഉറപ്പാക്കുന്നതിനുള്ള നിയമമായ 2006‑ലെ വനാവകാശ നിയമം (എഫ്‌ആർ‌എ) പ്രകാരമാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം. 2019 ഒക്‌ടോബർ 31 ന് കേന്ദ്രസർക്കാർ ഈ നിയമം ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയതിനുശേഷമാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

വനപ്രദേശങ്ങളില്‍ കാലങ്ങളായി താമസിച്ചുവരുന്ന തങ്ങളെ കയ്യേറ്റക്കാരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

വനനിയമങ്ങളെക്കുറിച്ച് അഡ്മിനിസ്ട്രേഷന് ഒരു ധാരണയുമില്ലായെന്നും നെൻഗ്രൂ ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഗ്രാമത്തിലുള്ളവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. നെൻഗ്രൂ ബസ്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള കനിദാജൻ ഗ്രാമത്തിൽ കഴിഞ്ഞ വർഷം വനഭൂമിയിൽ നട്ടുവളർത്തിയ 8,000ത്തോളം ആപ്പിൾ മരങ്ങള്‍ വനപാലകർ വെട്ടിമാറ്റിയതായും ഇവര്‍ പറയുന്നു.

വനപ്രദേശങ്ങളിലുള്ളവരുടെ അവകാശ സംരക്ഷണത്തിനുള്ള നിയമമാണ് അട്ടിമറിക്കപ്പെടുന്നത്. വനത്തില്‍ താമസിക്കുന്നവര്‍ക്ക് മൃതദേഹം സംസ്കരിക്കുന്നതിനുള്ള സ്ഥലം അനുവദിക്കണമെന്ന് ഈ നിയമത്തില്‍ പറയുന്നു. കൂടാതെ സ്കൂളിനും ആരോഗ്യകേന്ദ്രത്തിനും സ്ഥലം അനുവദിക്കണമെന്നും നിയമത്തില്‍ പറയുന്നു. നിരവധി പ്രദേശങ്ങള്‍ അധികൃതര്‍ വേലി കെട്ടിത്തിരിച്ചു. കുടിലുകള്‍ കെട്ടാന്‍ കമ്പുകള്‍ ശേഖരിക്കുന്നതിനുപോലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വനം- വന്യ ജീവി സംരക്ഷണം, പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിന് ഗ്രാമസഭയെ (വില്ലേജ് കൗൺസിൽ) അധികാരപ്പെടുത്തിയിരുന്നു. എന്നാൽ അധികാരികള്‍ക്ക് ഇതിനെക്കുറിച്ച് ഒരു അവബോധവുമില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

മഴയിലും മണ്ണിടിച്ചിലിലും പെട്ട് തകര്‍ന്ന തങ്ങളുടെ കുടിലുകള്‍ പുനരുദ്ധാരണം ചെയ്യുന്നതിന് സഹായിക്കുമെന്ന് കരുതിയിരുന്ന അധികാരികള്‍ ദുരിതം മാത്രമാണ് സമ്മാനിക്കുന്നതെന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിലെ വനവാസികൾ അവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കുന്ന നിയമത്തിന്റെ മുഴുവൻ ആനുകൂല്യങ്ങളും നേടുമ്പോഴും കേന്ദ്രഭരണ പ്രദേശത്തുള്ളവർക്ക് അവരുടെ അവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Eng­lish Sum­ma­ry: Reports that the rights of trib­als in Jam­mu and Kash­mir are being violated

You may like this video also

Exit mobile version