Site icon Janayugom Online

കൊട്ടിയത്ത് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊട്ടിയം തഴുത്തല പുഞ്ചിരിചിറയില്‍ കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധീറാണ് ഇന്നലെ വൈകുന്നേരം കിണറ്റില്‍ റിങ് ഇടക്കുന്നതിനിടെ കുടുങ്ങിയത്. 16 മണിക്കൂറായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രാത്രിയില്‍ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. വലിയ ജെസിബി ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് അദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമമാണ് പോലീസും ഫയര്‍ഫോഴ്‌സും നടത്തുന്നത്. ആദ്യം എത്തിച്ച വലിയ ജെസിബി കുഴിയിലേക്ക് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ ചെറിയ ജെസിബി എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

35 അടിയോളം കുഴി തുരന്നിട്ടുണ്ട്. ഇനിയും 15 അടിയോളം അടിയോളം താഴേക്ക് എത്തിയാല്‍ മാത്രമേ സുധീറിനെ പുറത്തെത്തിക്കാന്‍ സാധിക്കൂ. അതിനുശേഷമേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. കിണറില്‍ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീര്‍ അടക്കമുള്ള തൊഴിലാളികള്‍. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് ധൃതിയില്‍ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്.

കരയില്‍ നിന്ന കൂട്ടുകാര്‍ നോക്കുമ്പോഴേക്കും കിണര്‍ ഉള്ളില്‍നിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങള്‍കൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു. അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും കരാര്‍ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു.

Eng­lish sum­ma­ry; Res­cue oper­a­tion con­tin­ues for work­ers trapped in Kot­tiyam well

You may also like this video;

Exit mobile version