Site iconSite icon Janayugom Online

ശാസ്ത്രമേഖലയെ മുന്നോട്ടു കൊണ്ടുപോകാൻ ഗവേഷണം അനിവാര്യമാണ്: മന്ത്രി വീണാ ജോർജ്

ശാസ്ത്ര മേഖലയെ മുന്നോട്ടുകൊണ്ടുപോകാൻ ഗവേഷണം അനിവാര്യമാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ല ആയുർവേദ ആശുപത്രിയിലെ പുതിയ ഒ പി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആയുഷ് മേഖലയിൽ കേരളത്തിന്റെ പദ്ധതികൾ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നുണ്ട്, ഈ മേഖലയ്ക്ക് സവിശേഷമായ പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് ആഗോള പ്രശസ്തമായ ഒരു പാരമ്പര്യം നമുക്കുണ്ട്, എന്നാൽ അതിനനുസരിച്ചുള്ള ഒരു ഗവേഷണ സ്ഥാപനം നിലവിലില്ല. ഈ കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന മുന്നൂറ് കോടി രൂപ ചെലവഴിച്ച് കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം യാഥാർത്ഥ്യമാക്കുകയാണ്. 

ആയുർവേദ മേഖലയ്ക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവന ആയിരിക്കും ഈ റിസർച്ച് സെന്ററെന്നും കേരളത്തിൽ ആയുർവേദ‑ഹോമിയോ മേഖലകളിൽ ഏറ്റവും കൂടുതൽ ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കപ്പെട്ടത് ഈ സർക്കാറിന്റെ കാലഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. നാഷണൽ ആയുഷ് മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി തുക ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ജില്ല ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷനായി. 

വി കെ ശ്രീകണ്ഠൻ എം പി, കെ ശാന്തകുമാരി എം എൽ എ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, വാർഡ് കൗൺസിലർ എസ് സെയ്യതുമീറാൻ, എച്ച് എം സി മെമ്പർ ടി കെ നൗഷാദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം രാമൻകുട്ടി, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ പി റോയ് ജോസഫ്, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് എ പ്രഭാത്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ എസ് സുനിത, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ യു പി സുധാമേനോൻ എന്നിവർ പങ്കെടുത്തു. 

Exit mobile version