Site iconSite icon Janayugom Online

സംവരണത്തര്‍ക്കങ്ങള്‍ ഭരണഘടനാ ബെഞ്ചിന്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടിയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും. മുസ്‌ലിം സമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കാനാകുമോ എന്നതിലും ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെബി പര്‍ദിവാല എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. പരിഗണിക്കേണ്ട വിഷയങ്ങള്‍ എന്തൊക്കെയെന്ന് സെപ്റ്റംബര്‍ ആറിനു തീരുമാനിക്കുന്ന ബെഞ്ച് 13 മുതല്‍ വാദം കേള്‍ക്കും. 2019ലാണ് ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

മുസ്‌ലിം സംവരണം റദ്ദാക്കിയ ആന്ധ്രാ ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകള്‍ സാമ്പത്തിക സംവരണക്കേസ് തീര്‍പ്പാക്കിയതിനു ശേഷമേ പരിഗണിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്‌ലിങ്ങള്‍ക്കു ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം ഏര്‍പ്പെടുത്തിയ ആന്ധ്രാ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് റദ്ദാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റേത് അടക്കം 19 അപ്പീലുകളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

ഒക്ടോബറോടെയായിരിക്കും മുസ്‌ലിം സംവരണത്തര്‍ക്ക കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവുക. സിഖ് സമുദായത്തെ പഞ്ചാബില്‍ ന്യൂനപക്ഷമായി കണക്കാക്കാന്‍ ആകുമോ എന്ന ചോദ്യവും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമന രീതി മാറ്റണമോ, സുപ്രിംകോടതിക്കും ഹൈക്കോടതിക്കും ഇടയില്‍ അപ്പീല്‍ കോടതി വേണമോ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഭരണഘടനാ ബെഞ്ചിന് മുന്നിലുണ്ട്.
അതിനിടെ പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധമത വിഭാഗങ്ങളിലേക്ക് മാറിയവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞു. നിലവിലെ നിലപാട് മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

Eng­lish Summary:Reservation dis­putes to the Con­sti­tu­tion Bench
You may also like this video

Exit mobile version