Site iconSite icon Janayugom Online

ഭിന്നശേഷി സംവരണം: ഇളവുകള്‍ എല്ലാ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കണം; നിലപാട് കോടതിയെ അറിയിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തില്‍ സുപ്രീംകോടതി എന്‍എസ്എസിന് അനുകൂലമായ നല്‍കിയ വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ബാധകമാക്കണമെന്നും അതിനായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ‌ ചേർന്ന ഉന്നതതതല യോ​ഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവ​രണം പൂർണമായി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന ചില തർക്കങ്ങളും നിയമപ്രശ്നങ്ങളുമുണ്ട്. ഇത് കാരണം അധ്യാപകരുടെ നിയമന അം​ഗീകാരം തടസ്സപ്പെട്ടു. ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായി പരിഹാരം കാണുന്നതിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം ചേർന്ന് സുപ്രധാന തീരുമാനങ്ങളെടുത്തത്.

ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്‌മെന്റുകളുടെയും ന്യായമായ പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Exit mobile version