സ്വകാര്യ മേഖലയിലെ ജോലികളിൽ സംവരണം നടപ്പിലാക്കണമെന്ന് ബികെഎംയു ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ കരാർ, താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, പട്ടിക ജാതി-പട്ടിക വര്‍ഗ വിഹിതം കുറയ്ക്കാതെ ദളിത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും സംവരണം നൽകുക, എസ്‌സി-എസ്‌ടി ഉപപദ്ധതി പുനഃസ്ഥാപിക്കുകയും അത് യഥാർത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കുകയും ചെയ്യുക, പുതിയ വിദ്യാഭ്യാസനയം റദ്ദാക്കുക, ഭരണകൂട കൊലപാതകങ്ങൾക്കെതിരെ നിയമം കൊണ്ടുവരിക, ഭൂപരിധി നിയമം രാജ്യവ്യാപകമായി നടപ്പിലാക്കുക, ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് കെ വി ഇന്ദുലാല്‍, ദിലീപ് എസ് എന്നിവര്‍ പങ്കെടുത്തു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, എന്‍എഫ്ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനി രാജ, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, എഐഎസ്എഫ് പ്രസിഡന്റ് ശുവം ബാനര്‍ജി, കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാർ, ബികെഎംയു പ്രസിഡന്റ് എൻ പെരിയസാമി, ജനറൽ സെക്രട്ടറി ഗുൽസാർ സിങ് ഗോറിയ, വൈസ് പ്രസിഡന്റ് നാഗേന്ദ്ര നാഥ് ഓജ, കെ ഇ ഇസ്മായിൽ തുടങ്ങിയവര്‍ സംസാരിച്ചു. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി കെ കൃഷ്ണന്‍, എന്‍ രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പേരാണ് കേരളത്തില്‍ നിന്നുള്ളത്. സമ്മേളനം ഇന്ന് സമാപിക്കും.
English Summary: Reservation should be implemented in private sector too: BKMU
You may also like this video