Site icon Janayugom Online

റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

മും​ബൈ: ഒന്നരമാസത്തിനിടെ രണ്ടാം തവണയും റി​പ്പോ നി​ര​ക്ക് ഉയർത്തി റിസർവ് ബാങ്ക്. 50 ബേ​സി​സ് പോ​യിന്റ് ഉ​യ​ർ​ത്താനാണ് വായ്പാ നയ അവലോകന യോഗത്തിലെ തീ​രു​മാനം. ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് 4.90 ശ​ത​മാ​ന​മാ​യി. കഴിഞ്ഞ മാസവും വായ്പാ അവലോകനത്തിലല്ലാതെ റിപ്പോ നിരക്ക് ആർബിഐ 40 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. റി​പ്പോ നി​ര​ക്ക് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ്പ, നി​ക്ഷേ​പ പ​ലി​ശ നി​ര​ക്കും കൂ​ടും. റി​സ​ർ​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് കൂ​ട്ടു​ന്നതി​ന് ആ​നു​പാ​തി​ക​മാ​യാണ് ബാ​ങ്കു​ക​ൾ ഭ​വ​ന ലോ​ൺ, കാ​ർ ലോ​ൺ തു​ട​ങ്ങി​യ​വ​യു​ടെ പ​ലി​ശ നി​ര​ക്ക് വർധിപ്പിക്കുന്നത്.

ഇ​തോ​ടെ വായ്പാഗഡുവായി പ്ര​തി​മാ​സം അ​ട​യ്​ക്കേ​ണ്ട തു​ക​യും വ​ർ​ധി​ക്കും. നാണയപ്പെരുപ്പം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യ പലിശനിരക്കിൽ മാറ്റം വരുത്താൻ ആര്‍ബിഐ തീരുമാനമെടുത്തത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തിൽ താഴെ എത്തിക്കുകയാണ് റിസർവ് ബാങ്ക് ലക്ഷ്യം. അസംസ്കൃത എണ്ണ വിലയുടെ വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായി. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും ഉയർന്ന നിലയിലാണ്. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13 മാസമായി രണ്ടക്കത്തിൽ തുടരുകയാണ്. ഏപ്രിലിൽ 15.08 ശതമാനം എന്ന റെക്കോർഡ് ഉയരത്തിലാണ്.

ഏകകണ്ഠമായാണ് റിപ്പോ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനങ്ങൾ അറിയിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എന്നാൽ പണപ്പെരുപ്പത്തിനിടയിലും രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് മേയ് 31 ന് പുറത്തുവിട്ട താൽക്കാലിക എസ്റ്റിമേറ്റ് പ്രകാരം 2021–22 സാമ്പത്തിക വർഷത്തിലെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) വളർച്ച 8.7 ശതമാനമായി കണക്കാക്കുന്നു. 2022–23 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ പ്രവചനം ആർബിഐ 7.2 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.

Eng­lish sum­ma­ry; Reserve Bank rais­es repo rate

You may also like this video;

Exit mobile version