Site iconSite icon Janayugom Online

റിസര്‍വ്ബാങ്കിന്റെ പഠന റിപ്പോര്‍ട്ട് : കര്‍ഷകര്‍ക്ക് കിട്ടുന്നത് വിപണിവിലയുടെ മൂന്നിലൊന്നുമാത്രം

രാജ്യത്തെ പഴം,പച്ചക്കറി കർഷകർക്ക്‌ അവസാന വിപണി വിലയുടെ മൂന്നിലൊന്ന്‌ മാത്രമാണ്‌ ലഭിക്കുന്നതെന്ന്‌ റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌. വിപണി വിലയുടെ മൂന്നിൽ രണ്ടും കൈക്കലാക്കുന്നത്‌ ഇടനിലക്കാരും വ്യാപാരികളുമാണെന്ന്‌ ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാരണങ്ങൾ വിലയിരുത്തിയുള്ള പഠന റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു.തക്കാളി കർഷകർക്ക്‌ വിപണി വിലയുടെ 33 ശതമാനം മാത്രമാണ്‌ ലഭിക്കുന്നത്‌. സവാള കർഷകർക്ക്‌ വിപണി വിലയുടെ 36 ശതമാനവും ഉരുളക്കിഴങ്ങ്‌ കർഷകർക്ക്‌ 37 ശതമാനവുമാണ്‌ ലഭിക്കുന്നതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

വാഴപ്പഴം കൃഷി ചെയ്യുന്നവർക്ക്‌ വിപണി വിലയുടെ 30.8 ശതമാനവും മുന്തിരി കർഷകർക്ക്‌ 35 ശതമാനവും മാമ്പഴ കർഷകർക്ക്‌ 43 ശതമാനവുമാണ്‌ ലഭിക്കുന്നത്‌.അതേസമയം ക്ഷീര കർഷകർക്ക്‌ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ അന്തിമ വിപണി വിലയുടെ എഴുപത്‌ ശതമാനംവരെ ലഭിക്കുന്നുണ്ട്‌.മുട്ട ഉൽപ്പാദകർക്ക്‌ വിപണി വിലയുടെ 75 ശതമാനം ലഭിക്കുമ്പോൾ കോഴിയിറച്ചി ഉൽപ്പാദകർക്ക്‌ വിപണി വിലയുടെ 56 ശതമാനം വരെയാണ്‌ ലഭിക്കുന്നത്‌.

മഴ,വരൾച്ച,കാലാവസ്ഥ തുടങ്ങി പല കാരണങ്ങളാൽ പച്ചക്കറി വില വർധിക്കുന്ന ഘട്ടത്തിൽപോലും ഉയർന്ന വിലയുടെ നേട്ടം കർഷകർക്ക്‌ കിട്ടാറില്ലെന്ന്‌ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. കൂടുതൽ ശീതീകരണ സംവിധാനങ്ങൾ, സൗരോർജ സംഭരണി സംവിധാനങ്ങൾ, സംസ്‌ക്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ നടപടികൾ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ആർബിഐ റിപ്പോർട്ട്‌ നിർദേശിക്കുന്നുണ്ട്‌.

Exit mobile version