Site iconSite icon Janayugom Online

ജലസംഭരണി അപകടാവസ്ഥയിൽ; 
ഭീതിയോടെ പ്രദേശവാസികൾ

ജലസംഭരണി അപകടാവസ്ഥയിലായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. ആറാട്ടുപുഴ മൂന്നാം വാർഡിൽ കിഴക്കേക്കര ചക്കിലിക്കടവ് വേലേശ്ശേരി മണ്ണേൽ കോളനിയിലെ 50 വർഷത്തോളം പഴക്കമുള്ള ജലസംഭരണിയാണ് ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിൽ അപകടഭീതിയിൽ നിൽക്കുന്നത്. ജലസംഭരണിയോട് ചേർന്ന് 30 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. അഞ്ചുവർഷക്കാലമായി ഉപയോഗ യോഗ്യമല്ലാതെ നിൽക്കുന്ന ജലസംഭരണിയാണിത്. ഇതിന്റെ കോൺക്രീറ്റ് കാലുകൾ ദ്രവിച്ച് കമ്പികൾ പുറത്തുകാണത്തക്ക രീതിയിലാണ്. ഏത് നിമിഷവും വൻ അപകടം ഉണ്ടാകാവുന്ന സാഹചര്യമാണ്.

ജലസംഭരണിയുടെ മുകൾഭാഗത്ത് നിന്നും സിമന്റ് പാളികൾ അടർന്നുവീണുകൊണ്ടിരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളും വിദ്യാർത്ഥികളും, വയോവൃദ്ധരടക്കം അടക്കം നിരവധി പേരാണ് ഇതിന് സമീപത്തായി താമസിക്കുന്നത്. സിമന്റ് പാളികൾ അടർന്നുവീണ് പലർക്കും പരിക്കേറ്റിട്ടുമുണ്ട്. പ്രദേശവാസികളും ഗ്രാമപഞ്ചായത്ത് അംഗവും ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് അധികൃതരും നിരവധി തവണ കായംകുളം ജല അതോറിറ്റിയിൽ ഉപയോഗശൂന്യമായ ജലസംഭരണി പൊളിച്ചു മാറ്റണമെന്ന് അപേക്ഷ നൽകുകയെങ്കിലും ഇതുവരെയും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയായി നിൽക്കുന്ന ഉപയോഗശൂന്യമായ ജലസംഭരണി അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ആർ അഞ്ജലിയും സിപിഐ മുതുകുളം ലോക്കൽ കമ്മിറ്റി അംഗം എസ് അനിൽകുമാറും ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Reser­voir in dan­ger; Locals are scared

Exit mobile version